ചെറുപ്പം മുതലേ bathroom എനിക്കൊരു വീക്നെസ്സ് ആയിരുന്നു. സ്വതവേ സ്വപ്നജീവിയായ ഞാൻ കണ്ടിരുന്ന അതിമനോഹരമായ കിനാക്കൾ പലതും പിറവിയെടുത്തത് ബാത്റൂമുകളിൽ നിന്നായിരുന്നു.(അവയിൽ ചിലതു നടന്നിട്ടുണ്ട്. അതിലേറെയെണ്ണം ചീറ്റിപ്പോയിട്ടുമുണ്ട്). പരുപരുത്ത ചുമരുകളുള്ളത് , ഓല കൊണ്ട് മറച്ചു കെട്ടിയത് , ടൈൽ ഇട്ടു മിനുക്കിയത്, വെളിച്ചമുള്ളത് - ഇല്ലാത്തത് , വാതിലുള്ളത് - ഇല്ലാത്തത് (തെറ്റിദ്ധരിക്കേണ്ട . പഴയ സാരി , പ്ലാസ്റ്റിക് ചാക്ക് തുടങ്ങിയവയൊക്കെ കൊണ്ട് വാതിലിനു പകരം ഒരു പ്രയോഗം ണ്ട് ,അതാ ഉദ്ദേശിച്ചേ ) തുടങ്ങി ഏതു തരം ബാത്റൂമും ആയിക്കൊള്ളട്ടെ , സ്വപ്നം കാണാൻ എനിക്കൊരു ബുദ്ധിമുട്ടും ഇല്ലായിരുന്നു. വീട്ടുകാരും ബന്ധുക്കളുമൊക്കെ നല്ലോണം കളിയാക്കാറും ഉണ്ടായിരുന്നു. "ഈ കുട്ടി ഇതിന്റുള്ളില് എന്തെടുക്കാന്നു" ആശ്ചര്യപ്പെടാത്ത ബന്ധുക്കൾ വളരെ കുറവായിരുന്നു കുടുമ്മത്ത്. അതോണ്ട് തന്നെ തിരക്കുള്ളോരുടെ നീരാട്ട് കഴിഞ്ഞു മാത്രേ എന്നെ കുളിമുറിയുടെ പരിസരത്തേക്ക് അടുപ്പിച്ചിരുന്നുള്ളു. ഇതൊന്നും ഈയുള്ളവളുടെ സ്വപ്നാടനത്തെ തളർത്തിയില്ല. പൂർവാധികം ശക്തിയോടെ പുതിയ സ്വപ്നങ്ങൾ വന്നു കൊണ്ടേ ഇരുന്നു.
SSLC പരീക്ഷക്ക് ഒന്നാം റാങ്ക് വാങ്ങുന്നതും പത്രങ്ങളുടെ മുൻപേജിലും ലേബർ ഇന്ത്യേടേം വിജയവീഥീടേം കവർ പേജുകളിലും എന്റെ, ചിരിക്കുന്ന മനോഹരമായ ഫോട്ടോ വരുന്നതും (അമിതാ ജോയീടേം ആശാ ജോർജിൻറേം ഒക്കെ പടം അത് പോലെ വന്നപ്പോ കട്ട ഇൻസ്പിരേഷൻ കയറിയതാ . എന്റെ തൊട്ടു മുന്നത്തെ SSLC ബാച്ചിലെ ഒന്നാം റാങ്ക് അവർക്കായിരുന്നു ), സിനിമാ നടി ശോഭന എന്റെ അടുത്ത സുഹൃത്താകുന്നതും ഞങ്ങൾ ഒന്നിച്ചു ഡാൻസ് അവതരിപ്പിക്കുന്നതും (അന്ന് ഡാൻസിന്റെ ABCD പോലും അറിയില്ലായിരുന്നു എന്നത് സത്യം , പക്ഷെ സ്വപ്നം കാണാൻ അതൊന്നും തടസ്സായിരുന്നില്ല) , ഞാനൊരു തിരക്കുള്ള ഗൈനോക്കോളജിസ്റ് ആകുന്നതും, ഓപ്പറേഷൻ തിയേറ്ററിൽ നിന്ന് പുറത്തിറങ്ങി ആകാംക്ഷയോടെ നിൽക്കുന്ന ബന്ധുക്കളോട് 'പെൺകുഞ്ഞാണ് ' എന്ന് പറഞ്ഞു slow motion ൽ നടന്നകലുന്നതും ബാത്റൂം കിനാക്കളുടെ ചുരുക്കം ചില എപ്പിസോഡുകൾ മാത്രമാണ്. ഇങ്ങനത്തെ യമണ്ടൻ സ്വപ്നങ്ങൾ മാത്രല്ലാ ട്ടോ, ചില്ലറ പൈങ്കിളി സ്വപ്നങ്ങളും കാണാറുണ്ടായിരുന്നു ഞാൻ. ഞാൻ ഒളികണ്ണിട്ടു വായ്നോക്കിയിരുന്ന സുന്ദരന്മാർ എന്നോട് വന്നു "I Love you " ന്ന് പറയുന്നതും, ഞാൻ അവരെ മൈൻഡ് ചെയ്യാതെ ഇതൊന്നും എനിക്കിഷ്ടമല്ല എന്ന മട്ടിൽ നടന്നു പോകുന്നതും, 'ശ്രീകൃഷ്ണ ' സീരിയലിലെ കൃഷ്ണനോട് (please note the point : കൗമാരക്കാരനായ കൃഷ്ണൻ )പ്രേമം മൂത്ത് നാട് വിട്ടു പോയ ഞാൻ കൃഷ്ണന്റെ വീട്ടിലെ വേലക്കാരിയായും പിന്നെ അയാളുടെ മോഹവല്ലിയായും മാറുന്നതും ഒടുക്കം climax ൽ ഞങ്ങൾ കല്യാണം കഴിച്ച് എല്ലാം ശുഭമാകുന്നതുമൊക്കെ അത്തരം സ്വപ്നങ്ങളിൽ ചിലത് . വലുതാവുംതോറും സ്വപ്നം കാണലുകൾ കുറഞ്ഞു വന്നു, അതോടെ ബാത്റൂമിൽ ഞാൻ ചെലവാക്കിയിരുന്ന സമയവും.
കല്യാണം കഴിഞ്ഞതോടെ സ്വപ്നങ്ങൾ ഉറക്കത്തിൽ മാത്രമായി, അതും ദുഃസ്വപ്നങ്ങൾ. 2 -3 വർഷം കൊണ്ട് തകർന്നു തരിപ്പണമായ വിവാഹജീവിതത്തിൽ നിന്ന് ഏന്തിവലിഞ്ഞെണീറ്റപ്പോഴാണ് ഞാൻ വീണ്ടും സ്വപ്നങ്ങൾ കണ്ട് തുടങ്ങിയത്. ഒന്നുമല്ലാത്തിടത്ത് വെച്ച് നിർത്തിയ പഠനം തുടരാൻ എന്ന് തീരുമാനിച്ചോ, അന്ന് തൊട്ട് എന്റെ സ്വപ്നങ്ങളും കൂടെ ഉണർന്നു തുടങ്ങി. അങ്ങനെ കണ്ട ഒരു കുഞ്ഞുസ്വപ്നത്തിന്റെ ഖിസ്സ പറയാനാണ് സൂർത്തുക്കളെ ഞാൻ ഇത്രേം വല്ല്യ ഒരു intro ഇട്ടത് .
2012 ൽ എംജി യൂണിവേഴ്സിറ്റി SPS (സ്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസ്) ൽ എം.എഡ്. നു പഠിക്കുമ്പോഴാണ് ഞാൻ ആദ്യമായി ഒരു PhD ഓപ്പൺ ഡിഫെൻസ് കാണുന്നത്. ആരുടേതായിരുന്നു ആ ഓപ്പൺ ഡിഫെൻസ് എന്നത് എനിക്കോർമ്മയില്ല. PhD എന്നും, ഓപ്പൺ ഡിഫൻസ് എന്നുമൊക്കെ ആദ്യായിട്ട് കേൾക്കുന്നത് പോലും അവിടന്നാണ്. ഞങ്ങൾ MEd കാരെ സംബന്ധിച്ചിടത്തോളം ഹോസ്റ്റൽ ഭക്ഷണത്തിൽ നിന്ന് ഒരു നേരത്തെ മോചനം എന്നതായിരുന്നു മേൽപറഞ്ഞ പരിപാടിയുടെ main attraction ( ഉച്ചക്ക് നല്ല സദ്യണ്ടാവും ,അതാണ് ). ചായ കൊടുക്കലും file വിതരണവും ഒക്കെ കഴിഞ്ഞ് അവസാനത്തെ ബെഞ്ചിൽ പോയി ഇരിക്കുമ്പോഴേക്കും തുടക്കത്തിലേ പരിചയപ്പെടുത്താലൊക്കെ കഴിഞ്ഞ് ഗവേഷകൻ / ഗവേഷക തന്റെ പ്രബന്ധം അവതരിപ്പിക്കുന്നതിലേക്കു കടന്നിരുന്നു. അവര് പറയുന്ന കാര്യങ്ങൾ ഒന്നും മനസ്സിലാവാതെ, മാറി മാറി വരുന്ന പവർ പോയിന്റ് സ്ലൈഡുകളിലെ ഒബ്ജക്റ്റീവ്സും ഹൈപ്പോതെസിസും ഗ്രാഫുകളും അനോവയും അൻകോവയും ഒക്കെ കണ്ട് പകച്ചു പണ്ടാരടങ്ങിയിരുന്നപ്പോ ഒരു നഗ്നസത്യം മനസ്സിലായി. നമ്മടെ ഇന്നസെന്റേട്ടൻറെ ഭാഷേല് പറഞ്ഞാ , വെള്ളേപ്പങ്ങാടീല് വെള്ളേപ്പം അടിക്കണ പോലെ അത്ര എളുപ്പല്ല ഈ പണീന്ന് . പക്ഷേ , ഒക്കെ കഴിഞ്ഞ് chairman വന്ന് ഗവേഷകയെ അഭിനന്ദിക്കുകയും Dr. എന്ന് അഭിസംബോധന ചെയ്യുകയും അത് കേട്ട് അവരുടെ അച്ഛനുമമ്മയും സന്തോഷത്തോടെ കണ്ണ് തുടക്കുകയും കാണികൾ കരഘോഷം മുഴക്കുകയും ചെയ്യണത് കണ്ടപ്പോ ന്റെ അസുഖം വീണ്ടും തുടങ്ങി , സ്വപ്നം കാണലെയ് . അന്ന് മുതലിങ്ങോട്ട് ഞാൻ കണ്ട ഏകസ്വപ്നം എന്റെ PhD ഓപ്പൺ ഡിഫൻസ് വേദിയായിരുന്നു.വേറൊന്നുമല്ല, മേൽപറഞ്ഞ ചടങ്ങിന്റെ last scene മാത്രം . അതായത് ,chairman എന്നെ Dr . എന്ന് അഭിസംബോധന ചെയ്യണതും അത് കേട്ട് എന്റെ ഉപ്പയും ഉമ്മയും സന്തോഷത്തോടെ കണ്ണ് തുടക്കണതും ഗദ്ഗദത്തോടെ ഞാൻ എല്ലാര്ക്കും നന്ദി പറയണതുമായ ഒടുവിലത്തെ സീൻ മാത്രേ ന്റെ സ്വപ്നത്തിൽ ണ്ടായിരുന്നുള്ളു . അന്നൊന്നും ഞാൻ ഗവേഷണം തുടങ്ങീട്ട് പോലും ണ്ടായിരുന്നില്ല. 8 വർഷം ഞാൻ തുടർച്ചയായി കണ്ട ആ സ്വപ്നമാണ് ഇക്കഴിഞ്ഞ ജനുവരി 22 ന് അതെ SPS ൽ വെച്ച് സത്യായത്. ഞാൻ ചെയ്തത് ഒരു വല്യ സംഭവമാണെന്നോ PhD നേടുന്നത് ഒരു ബാലികേറാമലയാണെന്നോ ഒന്നുമല്ല ഇവിടെ പറഞ്ഞു വന്നത്. എനിക്കൊന്നും പഠിക്കാൻ പറ്റുന്നില്ല , ഒന്നും മനസ്സിലാവുന്നില്ല , എന്നെ ഒന്നിനും കൊള്ളില്ല , അതോണ്ടന്നെ ഞാൻ എല്ലാര്ക്കും ഒരു ഭാരാണ് എന്നൊക്കെയുള്ള അപകർഷതാബോധം കൊണ്ടും വിവരല്യായ്മ കൊണ്ടും, ഡിഗ്രി ക്ക് പഠിച്ചോണ്ടിരുന്നപ്പോ കോളേജ് ഹോസ്റ്റലിന്റെ മുകളീന്ന് ചാടി ആത്മഹത്യ ചെയ്യാൻ തുനിഞ്ഞവളാണ് ഞാൻ. താഴോട്ടു നോക്കിയപ്പോ തല കറങ്ങിയത് കൊണ്ടും ഉപ്പയേ൦ ഉമ്മയേ൦ ഓർമ്മ വന്നത് കൊണ്ടും എന്റെ ആത്മഹത്യ അവർക്കൊരു മാനക്കേടാവുമല്ലോ എന്നൊരു ചിന്ത വന്നത് കൊണ്ടും , ന്നാ പിന്നെ അടുത്ത സെമസ്റ്റർ കഴിഞ്ഞു വേണേൽ ആത്മഹത്യ ചെയ്യാം എന്നൊരു ഉൾവിളി വന്നത് കൊണ്ടും ആ ഉദ്യമത്തിൽ നിന്ന് ഞാൻ പിന്തിരിഞ്ഞതാണ് ( ഭാഗ്യം....അന്നത് ചെയ്തിരുന്നേൽ നാറിപ്പോയേനെ .അത്ര ഉയരമൊന്നും ഇല്ല്യാത്തോണ്ടു, കയ്യോ കാലോ ഒടിഞ്ഞു അട്ടം നോക്കി കെടക്കണ്ടി വന്നേനെ ).
മൈക്രോസോഫ്റ്റ് പവർപോയിന്റും (അക്ഷരങ്ങൾ പറന്നു വരുന്നു ....ചിത്രങ്ങൾ പൊടിഞ്ഞു പോവുന്നു ..ആഹഹാ ..എന്ത് രസം ) വേർഡും ആണ് കമ്പ്യൂട്ടർ സയൻസ് എന്ന് കരുതി BSc Computer Science ന് ചേർന്ന മഹതിയാണ് ഞാൻ . Java coding ഉം Discrete Maths ഉം Microprocessor ഉം COBOL ഉം ഒക്കെ എന്നെ നോക്കി കൊഞ്ഞനം കുത്തി. ഇടയിലെപ്പോഴോ വരുന്ന മലയാളം ക്ലാസ്സുകളും ഇംഗ്ലീഷ് ക്ലാസ്സുകളും മാത്രമായിരുന്നു ഒരാശ്വാസം . ശരിക്കും പ്രേമം സിനിമേലെ Java ക്ലാസ് അതിശയോക്തി ഒന്നും അല്ലാ ട്ടോ. എന്നേലും അൽഫോൻസ് പുത്രനെ കാണുമ്പോ ചോദിക്കണം , അങ്ങേരും ഇതേ പോലെയാണോ പഠിച്ചേന്ന് . പഠിക്കുന്ന വിഷയങ്ങളെ വെറുത്ത്, സ്വയം വെറുത്ത് , ലോകത്തെ മുഴുവൻ വെറുത്ത് എന്നെ ഒന്നിനും കൊള്ളില്ലാന്നു എന്നോട് തന്നെ വീണ്ടും വീണ്ടും പറഞ്ഞ് ഡിഗ്രീ കോഴ്സ് എങ്ങനെയോ തീർത്തു. ഇനി പഠിക്കുന്നില്ലാന്ന് ഉറപ്പിച്ചാണ് വീട്ടിലെത്തിയത് . വെറും ഡിഗ്രി കൊണ്ട് ഒരു കാര്യവുമില്ലാന്ന് കാണുന്നോരു മുഴുവൻ പറഞ്ഞോണ്ടിരുന്നോണ്ടും, എന്റെ ഇഷ്ടമെന്താണെന്ന് ഉറക്കെ പറയാൻ ധൈര്യമില്ലാതിരുന്നത് കൊണ്ടും വീണ്ടും M.Sc ക്ക് തല വെച്ച് കൊടുത്തു ... ഡിഗ്രി കാലത്തിന്റെ തുടർച്ച.....ഇവിടെ ആശ്വസിക്കാൻ മലയാളമോ ഇംഗ്ലീഷോ പോലും ഉണ്ടായിരുന്നില്ല . ഒന്നുമല്ലാതെ കടന്നു പോയ 5 വർഷങ്ങൾ എന്നെ നിരാശയുടേയും അപകർഷതയുടെയും പടുകുഴിയിൽ എത്തിച്ചു. അപ്പോഴൊക്കെ ഞാൻ മറന്നു പോയ കുറച്ചു കാര്യങ്ങൾ ഉണ്ടായിരുന്നു: സ്വയം സ്നേഹിക്ക്യ , സ്വന്തം ഇഷ്ടങ്ങൾ എന്താണെന്ന് തിരിച്ചറിയാ, അത് തുറന്നു പറയാ, അതിനു വേണ്ടി സ്വപ്നം കാണാ , ആ സ്വപ്നത്തിലേക്ക് നടക്കാ ..... ഇത്രേം ചെയ്താ മതിയാരുന്നു. പിന്നെ വിജയൻ പറഞ്ഞ പോലെ" എല്ലാത്തിനും അതാതിന്റെ സമയം ണ്ടല്ലോ ദാസാ ..". അങ്ങനെ ഒരു ഘട്ടത്തിലേക്ക് എത്താൻ ഞാൻ പിന്നേം 7 വര്ഷം എടുത്തു, ഒരുപാട് അടികൾ തുടരെ തുടരെ കൊള്ളേണ്ടി വന്നു ...പക്ഷേ , അടി തെറ്റി വീഴാൻ പോകുമ്പോഴൊക്കെ താങ്ങാൻ ഉപ്പയും ഉമ്മയും ഷമയും ജെറിയും കട്ടക്ക് കൂടെ ഉണ്ടായിരുന്നു....പിന്നെ കുറച്ചു നല്ല സുഹൃത്തുക്കളും ....... തിരിച്ചെഴുന്നേറ്റു വന്നപ്പോ ഞാൻ ആദ്യം സ്നേഹിച്ചു തുടങ്ങിയത് എന്നെ തന്നെയായിരുന്നു.....ഏറ്റവും കൂടുതൽ മിണ്ടിയത് എന്നോട് തന്നെയായിരുന്നു... ശരിക്കും സ്വപ്നം കാണാനും അതിനു വേണ്ടി അഭിനിവേശത്തോടെ പ്രവർത്തിക്കാനും തുടങ്ങിയത് അതിനു ശേഷമായിരുന്നു.
ഇന്ന് പല കുട്ടികളുടെയും ആത്മഹത്യാ വാർത്ത കേൾക്കുമ്പോ നെഞ്ചൊന്ന് പിടക്കും ...ഉള്ളു പൊള്ളും ...... ഇനി ആർക്കും ഈ തോന്നൽ ണ്ടാവല്ലേന്നു ചങ്കിൽ തട്ടി പ്രാർത്ഥിക്കും ....അവരെ കാത്തിരിക്കുന്ന നല്ല പുലരികളെക്കുറിച്ച് അവരോർത്തെങ്കിൽ എന്ന് കൊതിക്കും ......
ഒരുപാട് നന്ദിയുണ്ട്, ഹൃദയം നിറച്ചും സ്നേഹവും ...പലരോടും, .....എന്റെ കുടുംബത്തോട് .... അധ്യാപകരോട് .....സുഹൃത്തുക്കളോട് ......കൂടെ ഉണ്ടായിരുന്ന ഓരോരുത്തരോടും ........പിന്നെ എന്നെ പൊതിഞ്ഞു കൊണ്ട് നടക്കുന്ന പഞ്ഞിക്കെട്ടു പോലെയുള്ള, സർവശക്തന്റെ കരങ്ങളോടും ...... സ്വപ്നങ്ങളുടെ എപ്പിസോഡ് തുടർന്ന് കൊണ്ടേ ഇരിക്കും.......കണ്ണടയും വരെ....
Kootiyalum kizhichaalum...motham snehamayam....❤️������������
ReplyDelete��������... ചങ്കേയ്.......
ReplyDeleteചങ്കേയ്.....
Deleteപെരുത്തിഷ്ടം പെണ്ണേ.
ReplyDeleteസ്വപ്നങ്ങൾ പെറ്റു പെരുകട്ടെ 💙
അങ്ങനെ തന്നെ....പെറ്റു കൂട്ടി പെറ്റു കൂട്ടി അങ്ങനെ ഒഴുകി നടക്കും ഞാൻ😊
Deleteസ്നേഹം സന്തോഷം ❤️❤️❤️
ReplyDelete❤️❤️❤️❤️❤️❤️
DeleteAllelum ee sopnangal alle manushyane jeevikan preripukkunne🤗 unnarnnirinnu kando?...enkil adh sambavikum
ReplyDeleteThesnikkutteee.....peruthishtam❤️
Delete