Friday, April 17, 2020

കൂട്ട്


എനിക്കൊരു കൂട്ട് വേണമായിരുന്നു
കറിയിലെ ഉപ്പിനെക്കുറിച്ചും വാടക കുടിശ്ശികയെക്കുറിച്ചും
ബന്ധുക്കളുടെ കുറവുകളെക്കുറിച്ചുമല്ലാതെ 
എന്റെ സ്വപ്‌നങ്ങൾ കേൾക്കാൻ , എനിക്ക് കേൾക്കാൻ
ഒരു കൂട്ട് .....
കിടക്കയിലെ കെട്ടിമറിയലുകൾക്കല്ലാതെ
രാത്രിയുടെ ഭംഗി കണ്ടു
എന്നോട് സംസാരിക്കാൻ ,
എനിക്ക് സംസാരിക്കാൻ ഒരു കൂട്ട്
ഓഫീസിലേക്കുള്ള ഓട്ടപ്പാച്ചിലും
റേഷൻ കടയിലേക്കുള്ള നെട്ടോട്ടവുമല്ലാതെ
ഒരു കാരണവുമില്ലാതെ ,തോന്നുന്നിടത്തേക്കു യാത്ര പോകാൻ
എനിക്കൊരു കൂട്ട് വേണമായിരുന്നു ....
നിരാശയുടെ പടുകുഴിയിലേക്ക് വീഴുമ്പോൾ
എത്തിപ്പിടിക്കാൻ, പിടഞ്ഞെഴുന്നേറ്റ ജീവനെ അണച്ച് പിടിക്കാൻ ,
ചാരി നില്ക്കാൻ ഒരു കൂട്ട് വേണമായിരുന്നു  .....
ഞാനാ കൂട്ട് തേടിയപ്പോൾ അവരെന്നെ 'അവിഹിതക്കാരി  ' ആക്കി
ആ പേര് ഭയന്ന് എന്റെ കൂട്ടിലേക്കൊളിച്ച
ഞാൻ എന്നോട് തന്നെ മിണ്ടാൻ തുടങ്ങി
ഒറ്റയ്ക്ക് പെയ്തിറങ്ങാൻ പുറപ്പെട്ടു
അപ്പോൾ ഞാൻ 'ഭ്രാന്തി' യുമായി .

2 comments: