Monday, December 26, 2022

ഗുഡ്മോർണിംഗ് അപ്പൂപ്പൻ

     എഴുതണമെന്ന് അതികഠിനമായി ഉള്ളിൽ നിന്നും തികട്ടി വരികയും, അതിലും കഠിനമായ മടി കൊണ്ട് ആ ഉദ്യമത്തിൽ നിന്ന് പിന്മാറുകയും ചെയ്യാൻ തുടങ്ങീട്ട് നാളുകൾ ഏറെയായി , സത്യം പറഞ്ഞാൽ ഒരു വർഷത്തിന് മേലെയായി. തന്നത്താൻ വർത്താനം പറഞ്ഞ് വീടിനകത്ത് കൂടി നടക്കുമ്പോൾ ഉള്ളിലിരുന്നാരോ പറഞ്ഞോണ്ടേയിരിക്കും എഴുതാൻ. പറഞ്ഞാ അനുസരിക്കണ ശീലം പണ്ടേ ല്ല്യാത്തോണ്ട് ഞാൻ അതിവിദഗ്ദ്ധമായി എന്നെ അവഗണിച്ചു കൊണ്ടേ ഇരുന്നു. മടിയാണ് ഒന്നാമത്തെ കാരണം, പിന്നെ എഴുതുമ്പോ ഉണ്ടാവാറുള്ള ചെറിയ മൂഡ് മാറ്റങ്ങളെ എനിക്കിപ്പോ ഇത്തിരി പേടിയും ഉണ്ടെന്ന് കൂട്ടിക്കോളൂ. പക്ഷേ, ഇന്നെനിക്ക് എഴുതിയേ പറ്റൂ. എൻറെ അലസതക്കും ഭയപ്പാടുകൾക്കും അപ്പുറം മറ്റെന്തോ ഒന്ന് എന്നെ പിടിച്ചിരുത്തുന്നുണ്ട്.

    Intro കുറച്ച് കൂടിപ്പോയോ ? മനപ്പൂർവ്വമല്ലാ ട്ടോ , പേരറിയാത്ത എന്തോ ഒരു വികാരം ('സന്തോഷക്കരച്ചിൽ' എന്നൊക്കെ മ്മടെ  നാടൻ ഭാഷയിൽ കാച്ചാം) ഉള്ളിൽ കിടന്നു പിടക്കുന്നുണ്ട്. കാര്യത്തിലേക്ക് കടക്കട്ടെ സൂർത്തുക്കളെ ....

    2016 ൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ ജോയിൻ ചെയ്തപ്പോഴാണ് ജെറിയും ഞാനും ഇവിടെ താമസം തുടങ്ങുന്നത്. അവൾ അന്ന് അഞ്ചാം ക്ലാസ്സിലാണ്. പുതിയ സ്ഥലം,സ്കൂൾ , കൂട്ടുകാർ, ഒക്കെ അവൾക്കു തുടക്കത്തിൽ ദഹിക്കാൻ ഇത്തിരി ബുദ്ധിമുട്ടായിരുന്നു. അവൾടെ ഏറ്റവും പ്രിയപ്പെട്ട ഉപ്പപ്പയെയും ഉമ്മമ്മയേയും വിട്ട് പോന്നതിന്റെ സങ്കടവും ഉണ്ട്. എന്നാലും എപ്പഴത്തെയും പോലെ അവൾ പുതിയ ചുറ്റുപാടിനോട് വേഗം അഡ്ജസ്റ്റഡ് ആയി. 

    മോസ്കോപാറയിലെ താമസ സ്ഥലത്തു നിന്നും അവളും ഞാനും കഥകളൊക്കെ പറഞ്ഞ് യൂണിവേഴ്സിറ്റി വരെ നടക്കും, അന്ന് സ്കൂട്ടർ ഒന്നും ഇല്ല്യ കയ്യിൽ, പിന്നെ എന്നും ഓട്ടോ പിടിച്ചാൽ മുതലാവേം ഇല്ല. അപ്പൊ പിന്നെ, നാട്ടുവർത്താനോം പറഞ്ഞ് ഞങ്ങൾ ഉമ്മിയും മോളും അങ്ങനെ നടക്കും. ശരിക്കും, രാവിലേം വൈകുന്നേരോം ഉള്ള ആ നടത്തവും വർത്തമാനവും നല്ല രസായിരുന്നു. സ്ഥിരമായി കാണുന്ന കാഴ്ചകൾ, മുഖങ്ങൾ,കേൾക്കുന്ന ശബ്ദങ്ങൾ ഒക്കെയായി  ഞങ്ങളീ പുതിയ സ്ഥലത്തെ പതുക്കെ സ്നേഹിച്ചു തുടങ്ങി. അതിലേറ്റവും സ്നേഹം തോന്നിയ,അടുപ്പം തോന്നിയ, വാത്സല്യം തോന്നിയ ഒരു മുഖമാണ് ഇപ്പൊ എന്നെ കൊണ്ടിത് എഴുതിപ്പിക്കുന്നത്, ജെറിയുടെ  പ്രിയപ്പെട്ട 'ഗുഡ്മോർണിംഗ് അപ്പൂപ്പൻറെ' മുഖം.എന്നും സ്കൂളിലേക്കുള്ള വഴിയിലോ , കോഫി ഹൌസ്സിന്റെ  മുന്നിലോ ഒക്കെ വെച്ചാണ് ഞങ്ങൾ അദ്ദേഹത്തെ കാണാറുള്ളത്. ഒരു ചെറിയ ഊന്നു വടിയും പിടിച്ച് വഴിയിൽ കാണുന്ന ഓരോരുത്തരോടും നിറഞ്ഞ് ചിരിച്ച്‌,  ഗുഡ്മോർണിംഗ് പറഞ്ഞ് പതിയെ നടന്ന്  നീങ്ങുന്ന അദ്ദേഹം ആദ്യം ഞങ്ങൾക്കൊരു കൗതുകം ആയിരുന്നു, പിന്നെ സ്ഥിരം കാണുന്ന ഒരാളോടുള്ള അടുപ്പമായി, പിന്നെ പിന്നെ നമ്മടെ ആരോ ആണെന്ന തോന്നലായി. ഒരു ഗുഡ്‌മോർണിങ്ങും നിറഞ്ഞ ചിരിയുമല്ലാതെ മറ്റൊന്നും ഞങ്ങൾക്കിടയിൽ കൈമാറ്റം ചെയ്യപ്പെട്ടിട്ടില്ല. അദ്ദേഹം ആരാണെന്നോ, എവിടുത്തുകാരൻ ആണെന്നോ ഒന്നും ഞങ്ങൾക്കറിയില്ലായിരുന്നു, ചോദിച്ചിട്ടുമില്ല. അല്ലെങ്കിൽ തന്നെ മനുഷ്യരെ തമ്മിൽ അടുപ്പിക്കാൻ ഊരും പേരും ഒന്നുമറിയേണ്ട കാര്യമില്ലല്ലോ....ഹൃദയങ്ങൾ തമ്മിൽ കൊരുക്കുന്ന ഒരു സ്നേഹച്ചരട് പോരേ?  അദ്ദേഹത്തെ കാണുമ്പോൾ ജെറിയുടെ കുഞ്ഞുകണ്ണിലുണ്ടാകുന്ന തിളക്കം കാണുമ്പോൾ എന്തോ എനിക്ക് ഉള്ളം നിറയും. പ്രായം കൊണ്ട് രണ്ട് ധ്രുവങ്ങളിലുള്ള ആ രണ്ട് പേരുടെ നിഷ്‌കളങ്കസ്‌നേഹം കാണുമ്പോൾ, മനുഷ്യബന്ധങ്ങളെ കുറിച്ചുള്ള എല്ലാ steriotype ചിന്തകളും കാറ്റിൽ പറന്നു പോകും. 

    ഒരു ദിവസം അദ്ദേഹത്തെ കണ്ടില്ലെങ്കിൽ അവൾ വഴി നീളെ അദ്ദേഹത്തെ പരതും , അപ്പൂപ്പനെ കണ്ടില്ലല്ലോന്നു പിറുപിറുത്തു കൊണ്ടേ ഇരിക്കും, പിന്നെ മുഖം വാടും.... പിന്നീടദ്ദേഹത്തെ കാണുമ്പോ അവളുടെ മുഖത്ത് വിടരുന്ന ഒരു ചിരിയുണ്ട് ....അറിയാതെ  നമ്മുടെ ഉള്ളും നിറയും. 

    ദിവസങ്ങൾ ഇങ്ങനെ കടന്നു പോകുന്നതിനിടയിൽ ഞങ്ങൾ  ചെട്ടിയാർമാടിലേക്കു താമസം മാറി, യാത്ര സ്കൂട്ടറിൽ ആയി. പിന്നെ അദ്ദേഹത്തെ കാണുന്നത് വല്ലപ്പോഴുമായി. എന്നാലും എപ്പ കാണുമ്പോഴും ജെറി ഓടി അടുത്ത് ചെല്ലും, ആ സ്ഥിരം ഗുഡ്മോർണിംഗ് പറച്ചിലും നിറഞ്ഞ ചിരിയും കൈമാറും. പിന്നീടെപ്പോഴാണെന്നറിയില്ല , ഞങ്ങടെ ദിവസങ്ങളിൽ നിന്ന് ആ ഗുഡ്മോർണിംഗും ആ ചിരിയും അപ്പൂപ്പനും അപ്രത്യക്ഷമായി തുടങ്ങി. തിരക്കുള്ള ഓട്ടപ്പാച്ചിലുകൾക്കിടയിൽ ഞാനത് ശ്രദ്ധിച്ചില്ലെങ്കിലും, ജെറി പലപ്പോഴും പതം പറഞ്ഞ് തുടങ്ങി. അത് കേട്ട് ഞാൻ ഇവിടെയുള്ള പലരോടും അദ്ദേഹത്തെ കുറിച്ച് തിരക്കി. ഗുഡ്മോർണിംഗ് പറയുന്ന അപ്പൂപ്പൻ എന്നല്ലാതെ മറ്റൊന്നും എനിക്കദ്ദേഹത്തെ കുറിച്ചറിയില്ലായിരുന്നു,  അത് കൊണ്ട് തന്നെ എവിടന്നും ഞങ്ങൾക്കദ്ദേഹത്തെ കുറിച്ച് ഒരു  വിവരവും കിട്ടിയില്ല. എന്നാലും യൂണിവേഴ്സിറ്റി പരിസരത്തുള്ള പലരോടും ഞങ്ങൾ അദ്ദേഹത്തെ കുറിച്ച് അന്വേഷിച്ചു കൊണ്ടേ ഇരുന്നു.

    അപ്പൂപ്പന് എന്തേലും പറ്റിയിട്ടുണ്ടാവോ? വയ്യാതായിട്ടുണ്ടാവോ? എന്നൊക്കെ ജെറി ഇടയ്ക്കിടെ സങ്കടത്തോടെ ചോദിച്ചോണ്ടിരുന്നു . അത് കേൾക്കുമ്പോ, അദ്ദേഹം ആരോഗ്യത്തോടെ വീട്ടിൽ ഉണ്ടാവണെ, ഒന്നും പറ്റിയിട്ടുണ്ടാകല്ലേ എന്നൊക്കെ ഉള്ളിൽ തട്ടി പ്രാർത്ഥിച്ചിട്ടുണ്ട്  പലപ്പോഴും.

    പിന്നെ റിസർച്ച് വർക്കിന്റെ തിരക്ക്, അത് കഴിഞ്ഞപ്പോ കോവിഡ് ,  lockdown  അങ്ങനെ മൊത്തത്തിൽ ഒരു ജഗപൊകയായി ദിവസങ്ങൾ പറന്നു പോയി. അദ്ദേഹത്തെ കുറിച്ചുള്ള ജെറിയുടെ ചോദ്യങ്ങൾ കുറഞ്ഞു വന്നു. എന്നാലും ഞങ്ങടെ ഏറ്റവും അടുപ്പമുള്ള വർത്തമാനങ്ങൾക്കിടയിൽ അദ്ദേഹം കടന്നു വരും. എന്നേലും, നിറഞ്ഞ ചിരിയോടെ ഗുഡ്മോർണിംഗ് പറഞ്ഞ് സ്കൂളിന്റെയോ coffe house ന്റെയോ പരിസരത്ത് അദ്ദേഹം തന്റെ ഊന്നു വടിയുമായി പ്രത്യക്ഷപ്പെടും എന്ന് ഞങ്ങൾ പരസ്പരം ആശ്വസിപ്പിക്കും .

    ഇന്ന്, feel good ന്റെ റെക്കോർഡിങ്ങിനു റനീബും ഞാനും സ്റ്റുഡിയോയിൽ എത്തുമ്പോൾ അനൂപേട്ടൻ മാത്രേ അവിടെ ഉണ്ടായിരുന്നുള്ളു. ഞങ്ങടെ സ്ഥിരം കത്തിയടിക്കിടയിൽ, അച്ഛനെയും അമ്മയെയും കൂട്ടി പുറത്തിറങ്ങിയ വിശേഷങ്ങൾ പറയായിരുന്നു അനൂപേട്ടൻ. പെട്ടെന്ന്, എന്തോ എനിക്ക് ഗുഡ്മോർണിംഗ് അപ്പൂപ്പനെ ഓർമ്മ വന്നു. യൂണിവേഴ്സിറ്റി പരിസരത്താണ് അനൂപേട്ടന്റെ വീട്, ഇനി ഇങ്ങേർക്കെങ്ങാനും അദ്ദേഹത്തെ പരിചയം ണ്ടെങ്കിലോ എന്ന ചിന്തയിൽ, മേല്പറഞ്ഞ കഥ ഞാൻ വളരെ ചുരുക്കി അനൂപേട്ടനോട് പറഞ്ഞു. "അനൂപേട്ടനറിയോ ഇങ്ങനൊരാളെ ?" എന്ന എന്റെ ചോദ്യത്തിന് വളരെ കൂൾ ആയി അദ്ദേഹം മറുപടി പറഞ്ഞു, "ന്റെ അച്ഛൻ ആണത്"

    എന്നെ കളിയാക്കാണ് എന്നാണ് ആദ്യം കരുതിയത്. അനൂപേട്ടൻ ഫോൺ എടുത്തു അച്ഛന്റേം അമ്മേടേം ഫോട്ടോ കാണിച്ച് തന്നപ്പോ, കുട്ടിമാമാ, ഞാൻ ശെരിക്കും ഞെട്ടി മാമാ. ഉത്സവപ്പറമ്പിൽ എവിടെയോ വെച്ച് കൈ വിട്ടു പോയ ഒരു കുട്ടിയെ തിരികെ കിട്ടിയ പോലെ ഉള്ളു പിടച്ചു. ജെറിയോട് ഈ വിവരം പറയാൻ വെമ്പലായി എനിക്ക്. പിന്നെ ഞങ്ങൾ കുറെ നേരം സംസാരിച്ചത് അദ്ദേഹത്തെ കുറിച്ചായിരുന്നു. 

    ട്യൂഷൻ കഴിഞ്ഞെത്തിയ ജെറിയോട്  ഇത് പറഞ്ഞപ്പോൾ പഴയ അഞ്ചാം ക്ലാസുകാരിയുടെ കണ്ണിലെ തിളക്കം ഞാൻ വീണ്ടും കണ്ടു. അപ്പൂപ്പന് എന്താ ഏറ്റോം ഇഷ്ടം എന്ന് അനൂപ് അങ്കിളിനോട് ചോദിക്കൂ , നമുക്കതു വാങ്ങി അപ്പൂപ്പനെ കാണാൻ പോവാമെന്ന് അവൾ പറഞ്ഞപ്പോ എനിക്കും തിടുക്കമായി അദ്ദേഹത്തെ കാണാൻ. പോണം...എത്രയും പെട്ടെന്ന്.... വീട്ടിലെത്തിയ ഉടനെ ഇതെഴുതാൻ ആണ് എനിക്ക് തോന്നിയത്. ഒരു വർഷത്തിന് ശേഷം എഴുതാൻ എന്നെ ഇരുത്തിയത്  അദ്ദേഹമാണ്. 

    എന്നാലും ഈ മനുഷ്യന്മാരെ ഇങ്ങനെ കണക്ട് ചെയ്യിക്കുന്ന  മാജിക്കിന്റെ പേരെന്തായിരിക്കും? എന്തായാലും ആ മാജിക് ആണ് നമ്മളെ ഓരോരുത്തരെയും ശരിക്കും നിറവുള്ള അലിവുള്ള മനുഷ്യരാക്കുന്നത്. ഓടിവന്ന്  കാണുന്നതിന് മുമ്പ് ഈ എഴുത്തിലൂടെ, ഏറ്റവും സ്നേഹത്തോടെ നിങ്ങളെ ഒന്ന് കെട്ടിപ്പിടിക്കട്ടെ ഞങ്ങടെ പ്രിയപ്പെട്ട ഗുഡ്മോർണിംഗ് അപ്പൂപ്പാ....

Tuesday, May 25, 2021

ഗംഗാക്കാ, സുമതീ, റുക്കുവക്കാ, അപ്പാ, അമ്മാ ......ഇത് ഉങ്കൾക്കാകെ

  ഇന്നലെ മാരി സെൽവരാജ് സംവിധാനം ചെയ്ത തമിഴ് ചിത്രം 'കർണൻ' കണ്ടു. ധനുഷ്,ലാൽ, യോഗിബാബു, രജീഷ വിജയൻ, ഗൗരി.ജി. കൃഷ്ണ, ലക്ഷ്മിപ്രിയ ചന്ദ്രമൗലി തുടങ്ങിയ പ്രമുഖ താരങ്ങളുടെ ഗംഭീര അഭിനയ മികവോടെ എന്നെ പിടിച്ചിരുത്തിയ ചിത്രം. പാർശ്വവൽക്കരിക്കപ്പെട്ട, ആർക്കും വേണ്ടാത്ത, ജീവിതത്തോട് പൊരുതിക്കൊണ്ടിരിക്കുന്ന, 'പൊടിയംകുളം' എന്ന ഗ്രാമത്തിലെ മനുഷ്യരുടെ നിലനിൽപ്പിനായുള്ള പോരാട്ടത്തിന്റെ കഥ, അതിമനോഹരമായി ചിത്രീകരിച്ചിരിക്കുന്നു. ബൈ ദി ബൈ, ചിത്രത്തെ കുറിച്ച് പറയാനല്ല ട്ടോ ഈ കുറിപ്പ്. ഈ സിനിമയെക്കാളും തെളിച്ചത്തോടെ എന്റെ ഉള്ളിലേക്ക് വന്ന കുറച്ചു ഓർമ്മകൾ കുറിക്കാനാണ്.....ഞാൻ മറന്നു കളഞ്ഞ കുറച്ചു ദിവസങ്ങളെ കുറിച്ചുള്ള, അല്ല വർഷങ്ങളെ കുറിച്ചുള്ള ഓർമ്മകൾ. അല്ലെങ്കിലും നല്ലതൊക്കെ മറന്നു പോകുന്ന നന്ദി കെട്ട മനുഷ്യസ്വഭാവം ചെലപ്പോ എനിക്കും വരാറുണ്ട്.

ഓർമ്മ വെച്ച കാലം മുതലേ കേട്ട് തുടങ്ങിയ ഒരു വാക്കാണ് "അണ്ണാച്ചി" എന്നത്. മനസ്സിൽ ഭീതിയുണർത്തിയിരുന്ന, ചിലപ്പോൾ പുച്ഛം തോന്നിപ്പിചിരുന്ന, പരിഹാസത്തോടെ വിളിച്ചിരുന്ന ഒരു വാക്ക്.(ഇത് ഭൂതകാലത്തിലെ കാര്യമാണ് ട്ടോ. ഇന്ന് ഏറ്റവും ആദരവോടെ, അലിവോടെ ഓർക്കുന്ന വാക്കുകളിൽ ഒന്നാണത്)

 

"ദാ, മാമുണ്ടില്ലെങ്കിൽ അണ്ണാച്ചി വന്ന് പൊക്കണേല് ഇട്ട് കൊണ്ടോവും ട്ടോ" (ഭീഷണി)

 

"നിനക്കൊന്ന് കുളിച്ചൂടേടീ? അണ്ണാച്യോളെ പോലെ തലേം ചപ്രച്ച്‌ നടന്നോളും" (പുച്ഛം)

 

"നിന്നെ ഏതേലും അണ്ണാച്ചീടെ കയ്യീന്ന് തവിട് കൊടുത്ത് വാങ്ങീതാ? ശരിക്കും ഒരു അണ്ണാച്ചിക്കുട്ട്യേ പോലെ ണ്ട്. (പരിഹാസം).

 

ഇങ്ങനെ എന്റെ കുട്ടിക്കാലം മുതൽ കേട്ട് ശീലിച്ച സംഭാഷണശകലങ്ങൾ, "അണ്ണാച്ചി" ഒരു മനുഷ്യനല്ല, മറ്റെന്തോ ഒരു ജീവിയാണ് എന്ന തോന്നലിലേക്ക് എന്നെ എത്തിച്ചു. ആ ദുഷിച്ച തോന്നൽ മാറാൻ എന്റെ ഡിഗ്രി പഠനകാലം വരെ കാത്തിരിക്കേണ്ടി വന്നു.

 

2000 മെയ് മാസത്തിൽ, ഉപ്പയുടെ കൂടെ കുനിയമുത്തൂർ ബസ് ഇറങ്ങുമ്പോൾ, പൊള്ളുന്ന വെയിലും, വരണ്ട കാറ്റുമാണ് ഞങ്ങളെ എതിരേറ്റത്. നെഹ്‌റു കോളേജിന്റെ (അതായത് നോം ചേരാൻ പോകുന്ന കോളേജ്) പ്രധാന ഓഫീസ് അവിടെ ആയിരുന്നു. പ്രവേശനചടങ്ങുകൾ ഒക്കെ കഴിഞ്ഞ്  ഒരു ഓട്ടോറിക്ഷയിലാണ് കോളേജ് ക്യാമ്പസ് കാണാൻ പുറപ്പെട്ടത്. ഓട്ടോ പിടിച്ചോളൂന്ന് ഓഫീസീന്ന് പറഞ്ഞപ്പോ കോളേജ് അടുത്തായിരിക്കുംന്നാ കരുതിയത് (നമ്മടെ നാട്ടിലൊക്കെ അങ്ങനാണല്ലോ!). പക്ഷെ, ചുട്ടുപഴുത്ത റോഡിലൂടെ, നഗരകാഴ്ച്ചകളെയും, ദേശീയപാതയേയുമൊക്കെ ബഹുദൂരം പിന്നിലാക്കി, ഏതോ ഒരുൾനാടൻ ഗ്രാമത്തിലെ, വരണ്ട പറമ്പിലെ ഗേറ്റിനു മുന്നിൽ എത്തി നിന്നപ്പോൾ 'സമ്മർ ഇൻ ബത്‌ലഹേം' എന്ന ചിത്രത്തിലെ ഫാംഹൗസിന്റെ ഗേറ്റ് ആണ് ഓർമ്മ വന്നത്. 'നെഹ്‌റു കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ്' എന്ന പേര് മാത്രം തല ഉയർത്തി നിൽക്കുന്നു. ക്യാമ്പസിനകത്തു നിറയെ കരിമ്പനകളും വരണ്ടുണങ്ങിയ പുല്ലും പണിതീർന്ന ഒരു കെട്ടിടവും പാതി പണിയിലെത്തി നിൽക്കുന്ന മറ്റ് രണ്ട് കെട്ടിടങ്ങളും. അന്ന് ശൈശവ ദിശയിലുള്ള ആ കോളേജിലെ മൂന്നാമത്തെ ബാച്ചിലെ ഒരുവളായി 'പെട്ടുപോയല്ലോ' (ഫീസടച്ച്‌ പോയല്ലോ) എന്ന കുണ്ഠിതത്തോടെ കുറച്ചു നേരം അവിടെ നിന്ന്, വന്ന ഓട്ടോയിൽ തന്നെ മടങ്ങി. (ഇന്ന് കോയമ്പത്തൂരിലെ ഏറ്റവും മികച്ച കോളേജുകളിൽ ഒന്നാണ് ട്ടോ നെഹ്‌റു കോളേജ്).

ഉപ്പയുടെ സുഹൃത്തായ ചന്ദ്രൻ മാഷാണ് ഞങ്ങൾക്ക് ആ കോളേജ് പരിചയപ്പെടുത്തിയത്. പട്ടാമ്പിയിൽ നിന്ന് ഒരു കുട്ടി കൂടി ഉണ്ടെന്ന് മാഷ് പറഞ്ഞു, ജിഷ. അവരെ ഞങ്ങൾക്ക് പരിചയപ്പെടുത്തിത്തരികയും  ചെയ്തു. അതോണ്ട് ജൂണിൽ ക്ലാസ് തുടങ്ങിയപ്പോ അവളുടെ അച്ഛന്റെ വണ്ടിയിലാണ് ഞങ്ങൾ കോളേജിലേക്ക് വന്നത്. കോളേജ് കെട്ടിടത്തിന്റെ ഏറ്റവും മുകളിലത്തെ നിലയിലായിരുന്നു ഞങ്ങടെ ഹോസ്റ്റൽ(അതായത് മൂന്നാമത്തെ നില). ഡോര്മിറ്ററിയിലെ ഡബിൾ ഡക്കർ കട്ടിലിന്റെ മുകളിലത്തെ ഭാഗമാണ് എനിക്ക് കിട്ടിയത്. അതിന്റെ മോളീന്ന് താഴേക്കെങ്ങാനും ഞാൻ വീഴോന്നായിരുന്നു ഉമ്മാന്റെ ആധി. എന്തായാലും അവിടെ കിടക്കയൊക്കെ വിരിച്ച്, ബാഗ് വെക്കാനൊക്കെ സ്ഥലം കണ്ടെത്തിത്തന്ന്, മറ്റു കുട്ടികളൊയൊക്കെ പരിചയപ്പെട്ട്, 'ഇവളെ നോക്കിക്കോണേ' എന്നൊക്കെ അവരുടെ കൈ പിടിച്ച് പറഞ്ഞ്, 'എല്ലാരും കൂടി കഴിച്ചോളൂന്ന്' പറഞ്ഞു അവില് വിളയിച്ചത് നിറച്ച വലിയ ഹോർലിക്‌സ് കുപ്പിയും അച്ചാർ കുപ്പിയും ഒക്കെ മേശപ്പുറത്തെടുത്ത് വെച്ച്, കെട്ടിപ്പിടിച്ചുമ്മ തന്ന് ഉപ്പയും ഉമ്മയും പോയപ്പോൾ, കരിമ്പനകൾക്കിയിലൂടെ അവര് വന്ന വണ്ടി നീങ്ങുന്നതും നോക്കി കരഞ്ഞോണ്ട് ഞാനവിടെ നിന്നു . അന്ന് വന്ന് തോളിൽ കൈ വെച്ച് കരയണ്ടാന്ന് പറഞ്ഞ് സമാധാനിപ്പിച്ച ജിഷയും പദ്മയും ബിനുവും പിന്നീടുള്ള 5 വര്ഷം ചിരിച്ചും കളിച്ചും, ക്ലാസ് റൂമിലും ഹോസ്റ്റൽ റൂമിലും വിടാതെ എന്റെ കൂടെ തന്നെ ഉണ്ടായിരുന്നു.(ബിനു ഡിഗ്രി കഴിഞ്ഞപ്പോ നാട്ടിലേക്ക് പോയി, പിജി കാലം ഞങ്ങള് മൂന്ന് പേരെ ഉണ്ടായിരുന്നുള്ളു).

വന്നിറങ്ങിയപ്പോൾ അനുഭവപ്പെട്ട വരണ്ട അന്തരീക്ഷം അങ്ങനെ തന്നെ തുടർന്നു ,അകത്തും പുറത്തും. പരിഷ്കാരികളായ കുട്ടികളുടെ ഇടയിൽ തനി പട്ടിക്കാട്ടുകാരിയെ പോലെ തോന്നപ്പെട്ട എന്റെ അപകർഷതാബോധം എന്റെ ദിവസങ്ങളെ ദുഃസ്സഹമാക്കി കൊണ്ടിരുന്നു. 90% മലയാളി കുട്ടികൾ പഠിച്ചിരുന്ന ആ സ്ഥാപനത്തിൽ വളരെ കുറച്ച് തമിഴ്കുട്ടികളേ ഉണ്ടായിരുന്നുള്ളൂ. തൊലിനിറം കൊണ്ടും തലയിലെ എണ്ണയുടെ ആധിക്യം കൊണ്ടും ഞാനും അവരുടെ കൂട്ടത്തിൽ പെട്ടതാണെന്ന് എനിക്ക് തോന്നി. അത് കൊണ്ടായിരിക്കാം എനിക്ക് അവരോടാണ് അടുപ്പം തോന്നിയത്.

എന്തെങ്കിലും അത്യാവശ്യസാധനങ്ങൾ വാങ്ങണമെങ്കിലോ ഫോൺ ചെയ്യണമെങ്കിലോ 1 കി.മീ. ദൂരം നടന്ന്  തിരുമലയംപാളയം 'ടൗണിൽ' എത്തണമായിരുന്നു. ടൗൺ എന്ന് പറഞ്ഞാൽ ഒരു നാൽക്കവല. ശരിക്കുള്ള ടൗൺ (ഉക്കടം, ഗാന്ധിപുരം) എത്തണമെങ്കിൽ ഒന്ന്-ഒന്നര മണിക്കൂർ യാത്ര ചെയ്യണമായിരുന്നു. ഹോസ്റ്റലിൽ നിന്നിറങ്ങിയാൽ സസൂക്ഷ്മം ഓരോ അടിയും വെച്ച് നടന്നില്ലെങ്കിൽ ചവിട്ടിപ്പോകാവുന്ന തരത്തിൽ റോഡിനിരുവശവും തീട്ടത്താൽ സമൃദ്ധം. ഷാള് കൊണ്ട് മൂക്ക് പൊത്തി ഓക്കാനിക്കാതിരിക്കാൻ പരമാവധി ശ്രമിച്ച്, അവിടെപോയി തിരിച്ചെത്തിക്കഴിഞ്ഞാൽ പിന്നെ അന്ന് അന്നമിറങ്ങില്ല. അവിടത്തെ ചായ കടകളിലെ പൊറോട്ടയും കുറുമയും എങ്ങനെ ആയിരിക്കും ഉണ്ടാക്കീട്ടുണ്ടാവുക എന്നോർത്ത്, അത് ആർത്തിയോടെ കഴിക്കുന്ന അവിടത്തുകാരെ അറപ്പോടെ ഓർത്ത് എങ്ങനേലും ഉറങ്ങാൻ നോക്കും.

മാസത്തിൽ ഒരിക്കലായിരുന്നു നാട്ടിലേക്കുള്ള യാത്രകൾ. രാവിലെ അഞ്ചരക്ക് ഹോസ്റ്റലിനു മുന്നിൽ എത്തുന്ന 'തക്കാളി വണ്ടി'യാണ് ഞങ്ങടെ ആദ്യ ഉന്നം.(ശരിക്കും അത് ബസ് ആണ് ട്ടോ. ഉക്കടത്തേക്ക് പോകുന്ന 101. അവിടെയൊക്കെ ബസ്സുകൾക്ക് നമ്പറാണ്. അതിൽ നിറയെ തക്കാളി കൊട്ടകൾ ആയിരിക്കും. ഉക്കടം മാർക്കറ്റിലേക്ക് കൊണ്ട് പോകുന്ന നല്ല തുടുത്ത തക്കാളികൾ). ആ ഉന്നം തെറ്റിയാൽ പിന്നെ അടുത്ത ബസ് തിരുമലയംപാളയത്തു നിന്നാണ്, 101 B. അത് പിടിക്കാൻ ടോർച്ചും തെളിച്ച് പായുന്നതിനിടയിൽ, റോഡിൻറെ ഇരുവശത്തുമിരുന്ന് മലമൂത്രവിസർജ്ജനം നടത്തുന്നവർ, തങ്ങളുടെ സുഗമമായ പരിപാടിക്ക് തടസ്സം നേരിട്ടതിന്റെ സങ്കോചത്തിൽ പെട്ടെന്ന്  അരമണ്ഡലത്തിലേക്ക് ഉയർന്ന് വരികയും, ഞങ്ങൾ കടന്ന് പോയ ഉടനെ പൂർവാവസ്ഥയെ പ്രാപിക്കാറുമായിരുന്നു പതിവ്. ചെലോരു പിന്നെ 'പോണൊരു പൊയ്ക്കോട്ടേ' എന്ന മട്ടിൽ അവിടെ തന്നെ ഇരിക്കും.

"സാരല്ല്യ, പോട്ടെ....ഇത് ആദ്യായിട്ടല്ലേ!!! ഇനി ശീലായിക്കോളും" എന്ന് പറയണത് സത്യാണ് ട്ടോ. ഏകദേശം ഒരു കൊല്ലം കൊണ്ട് ഇതൊക്കെ ഞങ്ങൾക്ക് ശീലമായി. പാലക്കാട് ksrtc സ്റ്റാന്റിൽ ക്യൂ നിന്ന് ബസിൽ കേറണതും, എട്ടിമടയിലോ മധുക്കരയിലോ ഇറങ്ങി, അഴുക്കും വിയർപ്പും കൂടിച്ചേർന്ന നാറ്റമുളവാക്കുന്ന 101ലോ 101 B യിലോ ഒക്കെ കയറി കിതച്ചും തളർന്നും കോളേജിലേക്കെത്തുന്നതും ഒക്കെ ജീവിതത്തിന്റെ ഭാഗമായി.

STD ബൂത്തിലേക്കും, പാഡ് വാങ്ങാനുമൊക്കെയായി തിരുമലയംപാളയത്തേക്കുള്ള നടത്തങ്ങൾക്കിടയിൽ ഞാൻ പതുക്കെ തിരിച്ചറിഞ്ഞുതുടങ്ങി, അവിടെയുള്ളതും 'മനുഷ്യരാണ്' എന്ന്. ഞാൻ അനുഭവിച്ചു കൊണ്ടിരുന്ന സൗഭാഗ്യങ്ങളുടെയും സൗകര്യങ്ങളുടെയും മഞ്ഞളിപ്പിൽ, അവരെ കാണാനും കേൾക്കാനും  മറന്നു പോയ എന്നെ സ്വയം പുച്ഛത്തോടെ നോക്കിത്തുടങ്ങി. ക്ലാസ് റൂമിനകത്തു നിന്നും കിട്ടിയതൊന്നും എന്നെ മനുഷ്യത്തമുള്ളവൾ ആക്കിയില്ലല്ലോ എന്ന് എന്നെതന്നെ കുറ്റപ്പെടുത്തി തുടങ്ങി. സഹജീവികളാണ് അവരെന്ന് മറന്നതിൽ എന്നോട് തന്നെ ദേഷ്യം തോന്നിത്തുടങ്ങി. ഉള്ളം തെളിഞ്ഞ് തുടങ്ങിയപ്പോ കണ്ടത് ആ മനുഷ്യരുടെ കണ്ണുകളിലെ നിഷ്കളങ്കതയാണ്, അലിവുള്ള സ്നേഹമാണ്. പിന്നെ, 'കേരളാവിൽ നിന്ന് എങ്ക ഊരിൽ വന്ത് പഠിക്കറ കൊളന്തെയ്കളോടുള്ള' കരുതലും വാത്സല്യവും ആദരവും ഒക്കെയാണ്.

ആദ്യായിട്ട് ചുരിദാർ സ്വന്തം അളവിന് തയ്ച്ചിടാൻ തുടങ്ങിയത്, സാരിയുടുക്കാൻ തുടങ്ങിയത് ഒക്കെ അവിടെ നിന്നായിരുന്നു. റുക്കുവക്കയായിരുന്നു ഞങ്ങടെ ആസ്ഥാനതയ്യൽക്കാരി. അപ്പാവും അമ്മാവും അക്കയും ഉള്ള, ചാണകം മെഴുകിയ, ഓടിട്ട, 2 മുറികളും അടുക്കളയും മാത്രമുള്ള, എപ്പോൾ ചെന്നാലും എന്തെങ്കിലും കഴിക്കാൻ തന്ന്, ഞങ്ങളെ മക്കളെപോലെ സ്നേഹിച്ച ഒരു വീടായിരുന്നു അത്. വണ്ണമുള്ള വലിയ ശരീരവും കുട്ടികളുടെ നിഷ്കളങ്കതയും ഉള്ള അപ്പ, "കണ്ണേ...." ന്ന് നീട്ടിവിളിക്കുമ്പോൾ, അത് നമ്മുടേം കൂടി വീടാണ്,കുടുംബമാണ് എന്ന തോന്നലായിരുന്നു ഉണ്ടാക്കിയിരുന്നത്.

ഹൈവേയിൽ നിന്നും രണ്ടര-മൂന്ന് കിലോമീറ്റർ ഉണ്ട് ഹോസ്റ്റലിലേക്ക്. നാട്ടിൽ നിന്നും വരുന്ന സന്ദർഭങ്ങളിൽ ചില ksrtc ഡ്രൈവർമാർ അലിവ് തോന്നി ചെക്പോസ്റ്റിന്റെ അടുത്ത് ബസ് നിർത്തിത്തരാറുണ്ടായിരുന്നു. പക്ഷെ, അവിടെ ഇറങ്ങിയാൽ ബാഗും തൂക്കിപ്പിടിച്ച് അത്രേം ദൂരം നടക്കണം. ബസ് വല്ലപ്പോഴുമേ ഉണ്ടാവൂ. ഞങ്ങടെ കിതച്ചുള്ള നടത്തം കാണുമ്പോ അതിലെ പോകുന്ന കാളവണ്ടിക്കാരും ട്രാക്ടർ ഓടിക്കുന്നവരുമൊക്കെ വണ്ടി നിർത്തി കയറിക്കോളാൻ പറയും. ആദ്യമൊക്കെ മടിച്ചു നിന്നെങ്കിലും പിന്നെ നടക്കേണ്ട ദൂരമോർത്ത് കാളവണ്ടി യാത്രകളും ട്രാക്ടർ യാത്രകളുമൊക്കെ പതിവായി, ചെലപ്പോ M80 യിലും. ആസ്വദിച്ചു കൊണ്ടുള്ള ആ യാത്രകൾക്കിടയിൽ തങ്ങളുടെ മക്കളെ കുറിച്ചും കുടുംബത്തെ കുറിച്ചുമൊക്കെ അവര് ഞങ്ങളോട് വാ തോരാതെ പറഞ്ഞോണ്ടിരിക്കും. അവ്ട്ന്നാണ് ഞാൻ തമിഴ് സംസാരിക്കാൻ പഠിച്ചു തുടങ്ങിയത്. സ്വന്തം കുഞ്ഞുങ്ങളെ പോലെ, ഗേറ്റിന്റെ അടുത്ത് ഞങ്ങളെ ഇറക്കി വിട്ട് "ഭദ്രമാ പോയി വാ ചെല്ലം " എന്ന് പറഞ്ഞ് മടങ്ങുന്ന അവരോടു എങ്ങനെ നന്ദി പറയണം എന്നറിയാതെ കുഴങ്ങിയിട്ടുണ്ട്. പൈസ കൊടുക്കുമ്പോൾ,  "എന്നമ്മാ....നീങ്കളും എങ്കളോടെ പുള്ളയ്കൾ താനേ?" എന്ന് പരിഭവം പറയുന്ന, അവരുടെ മുന്നിൽ തീരെ ചെറുതാവുന്നതു പോലെ തോന്നും.

ഒരു വര്ഷം കഴിഞ്ഞ് പുതിയ ഹോസ്റ്റൽ കെട്ടിടത്തിലേക്ക് മാറിയപ്പോഴാണ് സുമതി വന്നത്. അടുക്കളയിൽ അമ്മച്ചിയെ സഹായിക്കാനായി വന്ന, ഞങ്ങടെ പ്രായമുള്ള, ഒരു ദാവണിക്കാരി. ഏത് നേരോം കിലുക്കാംപെട്ടി പോലെ സംസാരിക്കുന്ന, ദാവണി മാത്രം ഉടുക്കുന്ന, രജനീകാന്തിനെയും വിജയിനെയും ദൈവത്തെ പോലെ ആരാധിക്കുന്ന, പ്രായത്തിൽ കവിഞ്ഞ പ്രാരാബ്ധങ്ങളെ തന്റെ പാദസരകിലുക്കത്തിലൂടെ കിലുക്കി കളയുന്ന ഞങ്ങടെ മൂക്കുത്തിപ്പെണ്ണ്. എല്ലാരേം 'അക്കാ' ന്ന് വിളിക്കുന്ന, ഏത് രോഗത്തിനും ഒറ്റമൂലി പറഞ്ഞ് തരുന്ന, തമിഴ് പാട്ടുകൾ മൂളിനടന്നിരുന്ന അവള്, പക്വതയോടെ ജീവിതത്തെ  നേരിടുന്ന കാര്യത്തിൽ ഞങ്ങളേക്കാൾ ഒക്കെ എത്രയോ ഉയരത്തിൽ ആയിരുന്നു. അവളിപ്പോ എവിടെയായിരിക്കുമെന്നോർക്കുമ്പോൾ, മുത്ത് പോലെയുള്ള ഇവരെയൊക്കെ വിട്ടു കളഞ്ഞ എന്നോട് എനിക്ക് തന്നെ ദേഷ്യം തോന്നുന്നു. ചെലപ്പോ, അവൾക്കിഷ്ടമല്ലാത്ത മാമൻ തന്നെ അവളെ കല്യാണം കഴിച്ചിട്ടുണ്ടാകും, അല്ലെങ്കിൽ വേറെ ആരെങ്കിലും. പക്ഷേ ഒന്നുറപ്പുണ്ട്, തന്നോട് നിരന്തരം പൊരുതിക്കൊണ്ടിരിക്കുന്ന ജീവിതത്തോട് തോറ്റ്കൊടുക്കാതെ, ഈ ഭൂമുഖത്തെവിടെയോ തലയുയർത്തി തന്നെ അവൾ ജീവിക്കുന്നുണ്ടാകും. ഇങ്ങനൊരാൾ അവളെക്കുറിച്ചു സ്നേഹത്തോടെ ഓർക്കുന്നത്, എഴുതുന്നത് അവൾ അറിയുന്നുണ്ടാവോ???ഓടിച്ചെന്ന് അവളെയൊന്ന് കെട്ടിപ്പിടിക്കാൻ തോന്നുന്നു.

നൂറിലധികം "പരിഷ്‌കൃതരായ " പെൺകുട്ടികൾ താമസിച്ചിരുന്ന ഹോസ്റ്റലിന്റെ നീണ്ട ബാത്റൂം ഇടനാഴിയിലും തറയിലും അലക്ഷ്യമായി ഇട്ടിരുന്ന സാനിറ്ററി പാഡുകൾ പെറുക്കിയെടുത്ത്, നിറഞ്ഞ് കവിഞ്ഞ പാഡിന്റെ ബക്കറ്റുമായി, മുഖത്തൊരു വികാരവുമില്ലാതെ അത് കത്തിക്കാനായി കൊണ്ടുപോയിരുന്ന ഗംഗാക്കയാണ് മറ്റൊരോർമ്മ. എന്റെ കട്ടിലിനരികിലെ ജനാലക്കലിരുന്നു അവരത് ക്ഷമയോടെ കത്തിക്കുന്നത് നോക്കിയിരിക്കുമ്പോ, ഉള്ളിലെപ്പോഴും ഒരു നീറ്റൽ ഉണ്ടാവാറുണ്ട്. ഹോസ്റ്റൽ വരാന്തകളും ബാത്റൂമും ടോയ്‌ലെറ്റുമൊക്കെ എന്നും വൃത്തിയായി തേച്ചു കഴുകി ഒരു യന്ത്രത്തെ പോലെ പണിയെടുക്കുന്ന അവരോടു മിണ്ടാൻ പോലും പലർക്കും മടിയായിരുന്നു. തങ്ങളുടെ തീണ്ടാരിത്തുണികളൊക്കെ ഒരു വെറുപ്പുമില്ലാതെ നീക്കി, അറപ്പേതുമില്ലാതെ കുളിക്കാനും നനക്കാനും ബാത്റൂമും ചുറ്റുപാടും ഒക്കെ കഴുകി വെടിപ്പാക്കുന്ന അവരോട് പുച്ഛം!!!

ഇടക്ക് അവരുടെ കൂടെ അവരുടെ മകൻ വരാറുണ്ടായിരുന്നു, സെൽവൻ. അന്നവൻ അഞ്ചിലോ ആറിലോ ആയിരുന്നു പഠിച്ചിരുന്നത്. ഗൗണ്ടറുടെ വീട്ടിലെ പശുവിനെ നോക്കുന്ന ഇടവേളകളിലാണ് അവന്റെ ഹോസ്റ്റൽ സന്ദർശനം. "ഇവൻ ഒന്നുമേ പഠിക്കാമാട്ടാ കണ്ണ്...., സുമ്മാ സ്കൂൾ പോയി സാപ്പിട്ട് വരുവേൻ. ആനാ, ഏൻ പൊണ്ണ് നല്ലാ പഠിപ്പേൻ. ഉങ്കളെയെല്ലാം മാതിരി അവളേം കോളേജ്ക്ക് അണുപ്പണം ന്ന് ആസയാർക്ക്. വേല കെടച്ച് പെരിയ ആളാകണം. എന്നെ മാതിരി കഷ്ടപ്പെടക്കൂടാത്" ഇത് പറയുമ്പോൾ അവരുടെ കണ്ണുകളിലെ തിളങ്ങുന്ന പ്രതീക്ഷ നമുക്ക് കാണാൻ പറ്റുമായിരുന്നു.

കോളേജ് കാലം കഴിഞ്ഞ് ഹോസ്റ്റൽ വിട്ടിറങ്ങുമ്പോൾ അവരോടു യാത്ര പറഞ്ഞത് ബാത്റൂമിന്റെ ഇടനാഴിയിൽ വെച്ചായിരുന്നു.പെട്ടെന്ന് കൈ കഴുകി വൃത്തിയാക്കി ഓടി വന്ന അവരുടെ കൈ പിടിക്കാൻ  ഞാൻ തുനിഞ്ഞപ്പോൾ, സങ്കോചത്തോടെ അവർ തന്റെ കൈകളിലേക്ക് നോക്കി. ആ കൈ പിടിച്ച് എന്റെ മൂർദ്ധാവിൽ വെച്ച് പ്രാർത്ഥിക്കണെ  അക്കാ എന്ന് അവരോട് പറഞ്ഞപ്പോൾ, നാല് കണ്ണുകളും നിറഞ്ഞൊഴുകി.കണ്ണുനീരൊഴുകി കാഴ്ച്ച  മറഞ്ഞപ്പോൾ, അലിവുള്ള ഒരു കടലിന്റെ മുന്നിൽ നിൽക്കുന്നത് പോലെയാണ് എനിക്ക് തോന്നിയത്. തിരികെ വണ്ടിയിൽ കയറുമ്പോൾ എനിക്ക് കാണാമായിരുന്നു, ഏങ്ങലടിച്ചു കരയുന്ന സുമതിയേയും ചേലത്തുമ്പ് കൊണ്ട് കണ്ണ് തുടക്കുന്ന ഗംഗാക്കയെയും.... ഒന്നും കൊടുത്തിട്ടില്ല ഞാൻ അവർക്ക് .....എന്നിട്ടും എങ്ങനെയാണ് അവർക്കിങ്ങനെ സ്നേഹിക്കാൻ പറ്റുന്നത്???

കാറ് തിരുമലയംപാളയം എത്തിയപ്പോ ഞങ്ങൾക്ക് യാത്ര ചോദിയ്ക്കാൻ ഒരുപാട് സൗഹൃദങ്ങൾ ആ 3 വര്ഷത്തെ ജീവിതം ഞങ്ങൾക്ക് നൽകിയിരുന്നു. "നന്നായി വരും രാസാത്തീ....."എന്ന് പറഞ്ഞ് ഒരുപാട് കൈകൾ നെറുകയിൽ അമർന്നപ്പോൾ ആ മൂന്ന് വർഷം എന്നിലുണ്ടാക്കിയ തെളിച്ചത്തെ ഞാൻ നിറവോടെ തിരിച്ചറിഞ്ഞു. അപ്പാവെയും അമ്മാവെയും കെട്ടിപ്പിടിച്ചപ്പോൾ അത് വരെ അടക്കിപ്പിടിച്ചതൊക്കെ കരച്ചിലായി പുറത്തേക്കു വന്നു. "അഴാതെ തങ്കം.....അപ്പാവേം അമ്മാവേം മറന്തിടാതെ.....വേലയെല്ലാം കെടച്ച് പെരിയ ആളാവുമ്പോ എങ്കളെയെല്ലാം പാക്ക വായേ ....അക്കാ കല്യാണത്തക്ക് കണ്ടിപ്പാ വന്തിട് കണ്ണേ...." . അന്നവരെ നോക്കി ഉറപ്പോടെ തലയാട്ടി.

പക്ഷേ, പിന്നീടൊരിക്കലേ അവിടെ പോയുള്ളു. അന്നെല്ലാവരെയും ഒരിക്കൽ കൂടി കണ്ടു. പിന്നീട് ഒരിക്കലും അവരെ പോയി കാണാനോ സ്നേഹം പുതുക്കാനോ ഉള്ള വലിപ്പമൊന്നും എന്റെ മനസ്സിനുണ്ടായില്ല. ആരെയും മറന്നിട്ടില്ല ഇപ്പഴും, കൂടെ പഠിച്ചവരേക്കാൾ തിളക്കത്തോടെ അവരെന്റെ ഉള്ളിലുണ്ട് എന്ന് ഇന്നലെ ആ സിനിമയിലൂടെ സഞ്ചരിക്കുമ്പോൾ എനിക്ക് മനസ്സിലായി.

എന്നെങ്കിലും ഞാൻ വരും നിങ്ങളെ കാണാൻ......അത് വരെ ദൂരത്തിരുന്നുകൊണ്ടു നൂറുമ്മകൾ...... 

 

Tuesday, October 6, 2020

ഒരു സാധാരണ മരണം ..

 
ഒരാൾ  മരിച്ചാൽ സാധാരണ ഇങ്ങനെയല്ലല്ലോ ?
ആരും വരാത്തതെന്തേ ?
ഒന്നാശ്വസിപ്പിക്കാൻ പോലും ആരുമില്ലാത്തതെന്തേ ?
അലമുറകളും തേങ്ങലുകളും വിങ്ങിപ്പൊട്ടലുകളും
ഒന്നും കേൾക്കാത്തതെന്തേ ?
എനിക്കാണെങ്കിൽ ശ്വാസം മുട്ടീട്ടു വയ്യ
കരച്ചിൽ തൊണ്ടക്കുഴിയിൽ കുടുങ്ങി കിടക്കുന്നു
ആരേലും എന്നെയൊന്ന് ചേർത്ത് പിടിച്ചിരുന്നെങ്കിൽ ...
ഒന്ന് പൊട്ടിക്കരയാനെങ്കിലും പറ്റിയിരുന്നെങ്കിൽ...
ഒന്ന് ബോധമറ്റു പോയിരുന്നെങ്കിൽ......

എത്ര പെട്ടെന്നായിരുന്നു എല്ലാം !!
ഓർക്കാപ്പുറത്ത്.....
വേഗം വരാന്നു പറഞ്ഞു പോയതല്ലേ നീ?
കളിച്ചും ചിരിച്ചും കെട്ടിപ്പിടിച്ചും ....
എന്റെ നെറ്റിയിലിപ്പോഴും നീ  തന്ന
ഉമ്മയിരുന്നു പൊള്ളുന്നുണ്ട് ...
പിന്നെയെങ്ങനെയാണ് നീ പോയീന്ന്
ഞാൻ വിശ്വസിക്കുക ???
ഇനി  എന്നെ പറ്റിക്യാണോ?
ഈ ഒളിച്ചുകളി ഒന്ന് നിർത്തോ?
എന്നെയൊന്ന് നിന്റെ നെഞ്ചോടു ചേർത്ത് നിർത്തോ ?

ഈ മരണവീട്ടിലെന്ത് ശൂന്യതയാണ്!!
ഒറ്റക്കിരുന്ന് എനിക്ക് ഭ്രാന്ത് പിടിക്കുന്നു
പക്ഷെ, പുറത്തെല്ലാം പതിവ് പോലെയാണല്ലോ !!
കളികൾ, ചിരികൾ, നിരത്തുകൾ ,
ആളുകൾ, കലപിലകൾ .....

 എല്ലാം പഴയ പോലെ......
 എല്ലാരും പഴയ പോലെ......
അല്ലാ ....നീയും ആൾക്കൂട്ടത്തിലുണ്ടല്ലോ!!!!
കളിച്ചും ചിരിച്ചും !!!!
പിന്നെ ആരാണ് മരിച്ചത് ????
 

 ഓ !! ഈ മരണം നടന്നത്
എന്റെയുള്ളിലാണ് ....എന്റെയുള്ളിൽ മാത്രം ....
മരിച്ചത് നീയല്ല ....നമ്മളാണ് ...നമ്മുടെ സ്വപ്നങ്ങളാണ് ..
പക്ഷെ, ചിതയിലെരിഞ്ഞമരുന്നതും
പൊള്ളുന്നതും എനിക്ക് മാത്രമാണല്ലോ !!!!

ഇപ്പോഴും ഉത്തരമില്ലാത്ത ഒരുപാട് ചോദ്യങ്ങളും
ഞാനും മാത്രം ബാക്കി ......

 

Friday, April 24, 2020

12 B യിലെ രബീന്ദ്രസംഗീതം ....

       അപ്പുറത്തെ ഫ്ളാറ്റിലെ പുതിയ താമസക്കാരെ ഞാനിതു വരെ കണ്ടിട്ടില്ല . പുതിയതെന്നു പറഞ്ഞാൽ, അത്ര പുതിയതൊന്നും അല്ല ട്ടോ, അവര് വന്നിട്ട് ഒരു വർഷം ഒക്കെ ആയി. ഞാൻ ഹോസ്റ്റലിൽ നിന്ന് ഒന്ന് രണ്ടു ദിവസത്തെ ഇടവേളയ്ക്കു വരുമ്പോ കിടക്കയിൽ നിന്ന്, കഴിക്കാൻ വേണ്ടി മാത്രം എണീക്കുന്നത് കൊണ്ട് ഇത് വരെ അവരെ പരിചയപ്പെടാൻ പറ്റിയിട്ടില്ല എന്നതാണ് സത്യം. പിന്നെ ഈ ഫ്ളാറ്റിലെ ജീവിതരീതിയൊക്കെ നിങ്ങൾക്കറിയാവുന്നതല്ലേ?ആർക്കും ആരേം അറിയില്ല. എല്ലാരും 24 മണിക്കൂറും നെട്ടോട്ടമാണ്. അല്ലെങ്കി തന്നെ lockdown ആയതോണ്ടല്ലേ ഞാൻ തന്നെ ഇത്രേം ദിവസം അടുപ്പിച്ചിവിടെ നിൽക്കണത്. സത്യം പറഞ്ഞാ ഇപ്പഴാ കണ്ണും കാതും തുറന്നു ചുറ്റുപാടും ഒന്ന് നോക്കണത്. അങ്ങനെ കാത് തുറന്നു വെച്ചത് ഇത്തിരി കൂടിപ്പോയോണ്ടാണ് അപ്പുറത്തെ ഫ്ളാറ്റിലെ സംസാരം കേട്ട് തുടങ്ങിയത്. ആരേം പുറത്തു കണ്ടില്ലേലും രണ്ടു പേർ അവിടെ ഉണ്ടെന്ന്‌ മനസ്സിലായി. ഇടയ്ക്കിടെ സംസാരം കേൾക്കാം. നല്ല ഗസലുകളും ചിലങ്കയുടെ ഒച്ചയും കുപ്പിവളക്കിലുക്കവും  ചിരിയും, പിന്നെ രാത്രിയിൽ ബാൽക്കണിയിലിരുന്ന് പതിഞ്ഞ സ്വരത്തിൽ പാടുന്നതും ഒക്കെ  കേൾക്കാം.
"ദേ , ഇന്ന് നീ ചായ ഇടൂ ....ഞാനിത്തിരി നേരം കൂടി കെടക്കട്ടെ "
"എന്റെ കണ്ണട എവിടെ?"
"ഇന്നുച്ചയ്ക്ക് എന്താ കറി വെക്കണ്ടേന്നെ ?"
"അതേയ് .....ഞാൻ പറയണത് കേൾക്കണുണ്ടോ മനുഷ്യാ ?"
"മാക്രീ....എനിക്ക് ദേഷ്യം വരണുണ്ട്  ട്ടോ "
"ഇന്നീ ഡ്രസ്സ് ഇട്ടാ മതിയോന്നെ?"
" ഈ സാരീടെ പ്ലീറ്റ്സ് ഒന്ന് പിടിച്ചു തരൂ"
"നിനക്ക് മടി കുറച്ചു കൂടുന്നുണ്ട് ട്ടോ. കോറോണ അങ്ങ് പോകും. PSC  പരീക്ഷയൊക്കെ പറഞ്ഞ പോലെ നടക്കും. വയസ്സായി ട്ടോ. ഇത് ലാസ്റ് ചാൻസ് ആണ്. പിന്നെ കണകുണാന്ന് പറഞ്ഞിട്ട് ഒരു കാര്യോം ഇല്ല്യ . ഈ ജോലിയിൽ തന്നെ ഒതുങ്ങിക്കൂടാനാണ് ഭാവമെങ്കിൽ നടക്കൂല്ലാ മോനെ ....ഞാൻ സമ്മതിക്കില്ല."
"അതേയ്....കളിയാക്കരുത് ട്ടോ....ഇതൊന്നു വായിച്ചു നോക്കി അഭിപ്രായം പറയൂ. എന്നിട്ടു വേണം എനിക്കിത്‌ ബ്ലോഗിൽ പോസ്റ്റാൻ"

    അങ്ങനെയങ്ങനെയങ്ങനെ അവരുടെ കൊച്ചു കൊച്ചു ഇണക്കങ്ങളും പിണക്കങ്ങളും എന്റെ lockdown  ബോറടിയെ മാറ്റിക്കൊണ്ടിരുന്നു . കാര്യം, ഞാൻ ഇത്തരത്തിലുള്ള എത്തിനോട്ടങ്ങളെയും ബിഗ്‌ബോസ്സ് ഷോയെയും ഒക്കെ എതിർക്കുന്ന , മറ്റുള്ളവരുടെ സ്വകാര്യതയെ മാനിക്കുന്ന ഒരു വ്യക്തി തന്നെയാണ്. പക്ഷേ, ഇവരോടെന്തോ വല്ലാത്ത അടുപ്പം പോലെ.... എന്റെ ആരോ ആണ് അവിടെയുള്ളതെന്ന പോലെ ....അവരുടെ സ്നേഹം പതിയെ എന്നിലേക്കും ഒഴുകുന്ന പോലെ...ഞാനും ഭയങ്കര റൊമാന്റിക് ആവണ പോലെ ......

      ഹോസ്റ്റലിലേക്ക് തിരിച്ചു പോണേനു മുന്നേ എനിക്കെന്തായാലും അവരെ ഒന്ന് കാണണം,പരിചയപ്പെടണം. ശരിക്കും ഭയങ്കര romantic couples ആണെന്ന് തോന്നുന്നു അവർ. അദ്‌ഭുതം അതല്ല, ആ ചേച്ചീടെ ഒച്ച മാത്രേ എപ്പഴും അവ്ട്ന്ന് കേൾക്കാറുള്ളൂ. ഇനി ആ ചേട്ടൻ മിണ്ടാൻ പറ്റാത്ത ആളോ മറ്റോ ആണോ ? 

"നമുക്കിന്ന് ബാൽക്കണിയിൽ കിടക്കാം, മാനം കണ്ട്, നക്ഷത്രങ്ങളെ കണ്ട് , മഴയെങ്ങാനും ചാറിയാൽ ആ ചാറ്റലും കൊണ്ട്, കെട്ടിപ്പിടിച്ച്‌ ......."

   ചേച്ചിയുടെ ഒച്ച എന്റെ ചിന്തയെ മുറിച്ചു. അവരപ്പുറത്തു ബാൽക്കണിയിൽ മാനം നോക്കി കെടക്കണത് മനസ്സിൽ കണ്ടുകൊണ്ട് ഞാനും ഇപ്പുറത്ത് കെടന്നു. എനിക്കും അത് പോലൊരു കൂട്ട് ണ്ടായിരുന്നെങ്കിൽ എന്ന് വെറുതെ തോന്നിപ്പോയി (അമ്മയോട് പറയല്ലേ ട്ടോ ). 

        ഇന്നലെ വണ്ടിയെടുത്ത് ആ ചേച്ചി പോണത് മിന്നായം പോലെ കണ്ടിരുന്നു. മുഖം വ്യക്തമായില്ല. എനിക്കവരെ പരിചയപ്പെടാൻ എന്തോ തിടുക്കമായി. ശബ്ദം കൊണ്ട് മാത്രം ആരെങ്കിലും, നമ്മടെ ആരെങ്കിലും ഒക്കെ ആവോ ? അവരെ കുറിച്ച് തന്നെ ഓർത്തിരുന്നപ്പോ അപ്പുറത്ത് നിന്ന് ചെറിയ തേങ്ങൽ കേട്ട പോലെ ....അല്ല ,തോന്നൽ അല്ല ....അടക്കിപ്പിടിച്ച കരച്ചിലാണ്.... എനിക്കെന്തോ ഉള്ളു നൊന്തു.ചെലപ്പോ ഇന്നവര് തമ്മിൽ വല്ല സൗന്ദര്യപ്പിണക്കവും ഉണ്ടായിക്കാണും. പെട്ടെന്നവരുടെ പിണക്കമൊക്കെ മാറണേന്ന്‌ ഉള്ളിലൊരു പ്രാർത്ഥന ഉയർന്നു. കുറച്ചു കഴിഞ്ഞപ്പോ  അപ്പുറത്തെ ബാൽക്കണിയിൽ നിന്ന് രബീന്ദ്രസംഗീതം ഒഴുകിവരാൻ തുടങ്ങി . പിണക്കം മറന്ന് അവര് രണ്ടുപേരും ഏറ്റവും സ്നേഹത്തോടെ കണ്ണിൽ കണ്ണിൽ നോക്കി ആ ഈണത്തിൽ അലിയുന്നത് മനസ്സ് കൊണ്ട് കണ്ടു ഞാനും സുഖമായുറങ്ങി. 

      എന്തായാലും ഇന്നവരെ പോയി കാണണമെന്നു രാവിലെ ഉറക്കമെണീറ്റപ്പോ തന്നെ ഉള്ളിലുറപ്പിച്ചു. അമ്മയുണ്ടാക്കി വെച്ച കെയ്‌ക്കിൽ നിന്ന് രണ്ടു കഷ്ണം എടുത്ത് ഞാൻ അപ്പുറത്തേക്ക് നടന്നു. കോളിംഗ്ബെൽ അടിച്ച്‌ അൽപനേരം കഴിഞ്ഞാണ് വാതിൽ തുറന്നത്. ആ ചേച്ചി പുറത്തെവിടെയോ പോവാൻ തയ്യാറായതു പോലെ നിൽക്കാരുന്നു. 

"ഞാൻ 12 A യിലെ താമസക്കാരിയാണ്. ഒന്ന് പരിചയപ്പെടാൻ വന്നതാ. ചേച്ചി എങ്ങോട്ടേലും പോവാൻ ഇറങ്ങിയതാണോ?"

"അയ്യോ ...അല്ല....കയറി വരൂ ...വെറുതെയിരുന്നപ്പോ സാരി ഉടുക്കാൻ തോന്നി . സാരിയുടുത്തപ്പോ ജിമ്ക്കിയിടാൻ, പിന്നെ മാല...അങ്ങനെ മൊത്തത്തിൽ ഒന്നൊരുങ്ങി. അത്രേ ഉള്ളൂ ....എങ്ങടും പോണൊന്നും ഇല്ല....ഇത്തിരി മുല്ലപ്പൂ കൂടി കിട്ടണായിരുന്നു..ഇപ്പൊ എവിടെ കിട്ടാനാ അല്ലെ? വാ...ഇരിക്കൂ ...." നിറഞ്ഞ ചിരിയോടെ അവർ പറഞ്ഞു.

      ആ മുറിക്ക് ചന്ദനത്തിന്റെ മണമായിരുന്നു, അവർക്കും. വിടർന്ന കണ്ണുകളും മനോഹരമായ ചിരിയും സാൾട് & പെപ്പർ സ്റ്റൈലിൽ വിടർത്തിയിട്ട മുടിയും തിളങ്ങുന്ന മൂക്കുത്തിയും ഉള്ള അവർ ആ കോട്ടൺ സാരിയിൽ കൂടുതൽ സുന്ദരിയായി തോന്നിച്ചു. നല്ല അടുക്കും ചിട്ടയും ഉള്ള മുറി. ഷെൽഫിൽ നിറയെ പുസ്തകങ്ങൾ അടുക്കി വെച്ചിരിക്കുന്നു.  ചുമരിൽ മനോഹരമായ ചിത്രങ്ങൾ. ജനാലക്കരികിൽ,മനോഹരമായി നിറം കൊടുത്ത കുപ്പികളിൽ ചെടികൾ. അവരെ പോലെ തന്നെ ആ മുറിക്കും നല്ല ചന്തം. 

"ഹാ ...ഇരിക്കെടോ ....." അപ്പോഴാണ് ഒരൗചിത്യവും ഇല്ലാതെ ഞാൻ അന്തം വിട്ട് നിൽക്കാരുന്നു എന്ന് മനസ്സിലായത്.

   എത്രയോ നാളത്തെ പരിചയം ഉള്ളത് പോലെ അവരെന്റെ വിശേഷങ്ങളൊക്കെ  ചോദിച്ചു. ഞാൻ കൊടുത്ത കേക്ക് ഒരു കഷ്ണം എടുത്തു ആസ്വദിച്ചു കഴിച്ചു. സംസാരിച്ച് സമയം പോയതറിഞ്ഞില്ല. അമ്മേടെ ഫോൺ വന്നപ്പോഴാണ് പോണംന്നുള്ള ബോധം വന്നത്. "പോയിട്ട് പിന്നെ വരാം ചേച്ചീ. അമ്മ വിളിക്കുന്നു". ഇടക്കിങ്ങോട്ടു വരൂ എന്ന് പറഞ്ഞ് അവരെന്നെ യാത്രയാക്കി. ആ ചേട്ടനെ അവിടെങ്ങും കണ്ടില്ല. പുറത്തു പോയതായിരിക്കും. അവരെക്കുറിച്ചൊന്നും ചോദിച്ചില്ലല്ലോ എന്നപ്പോഴാണ് ഓർത്തത്, അല്ല...അതിനെനിക്ക് അവരിട തന്നില്ലാന്നുള്ളതാണ് വാസ്തവം. ആ, എന്തായാലും ബാക്കി അമ്മയോട് ചോദിക്കാം.

"അമ്മാ.....എന്ത് നല്ല ചേച്ചിയാ! അവർക്കമ്മേടെ കെയ്ക്ക് നല്ല ഇഷ്ടായീന്ന് പറയാൻ പറഞ്ഞു. അവിടത്തെ ചേട്ടൻ പുറത്തു പോയീന്നു തോന്നുന്നു, കണ്ടില്ല."

"അതിനു അവരവിടെ ഒറ്റക്കാണല്ലോ? വേറാരും ല്ല്യ അവിടെ "

"അല്ല അമ്മാ ...ഞാൻ കേട്ടിട്ടുണ്ട് അവര് സംസാരിക്കണത്. "

"പോടീ അവ്ട്ന്ന് ...ഈ പെണ്ണിനെന്താ! അത് ഫോണിലെങ്ങാനും സംസാരിച്ചതാവും. ഇത്രേം നാളായിട്ടും ഞാനാരേം കണ്ടിട്ടില്ല അവിടെ. പിന്നെ അവരെപ്പഴും ഓഫീസിലേക്ക് ഓടുമ്പോഴാ ഞാൻ കാണാറ്. അതോണ്ട് അധികമൊന്നും സംസാരിച്ചിട്ടോ വിശേഷം പറഞ്ഞിട്ടോ ഒന്നൂല്ല്യാ. അല്ല , നീയിത്ര നേരം അവരെ കത്തി വെച്ച് കൊന്നോ?

     എനിക്കാകെ കൺഫ്യൂഷനായി. അന്നും പലപ്പോഴായി ഞാനവരുടെ സംസാരം കേട്ടു. "ഈ കെയ്‌ക്കൊന്നു കഴിച്ചു നോക്ക്യേ ....അപ്പുറത്തെ വീട്ടിലെ കുട്ടി കൊണ്ട് വന്നതാ. നിനക്ക് തരാണ്ടെ കഴിച്ചാ വയറിളകിയാലോന്നു പേടിച്ച് ഒരു കഷ്ണം ബാക്കി വെച്ചതാ . നല്ല രുചിയുണ്ടെടോ." ചേച്ചി പറയണത് കേട്ടപ്പോ എനിക്ക് മനസ്സിലായി ആ ചേട്ടൻ തിരിച്ചെത്തീന്ന് . ഈ അമ്മ ഇതെവിടെ നോക്കിയാ ജീവിക്കണേ? ഇതൊക്കെ ഫോണിലെ വർത്താനാ ?
     തുടർന്നുള്ള ദിവസങ്ങളിലും അവരുടെ ചിരിയും സംസാരോം ഒക്കെ ഞാൻ കേട്ടു. പക്ഷെ നന്ദനം സിനിമേല് ബാലാമണി പറയണ പോലെ ഞാനേ കേട്ടുള്ളൂ ....ഞാൻ മാത്രേ കേട്ടുള്ളൂ.
" നിനക്ക് വട്ടാ ...ആരാന്റെ ഫ്ളാറ്റിലേക്കുള്ള എത്തി നോട്ടം കുറച്ചു കൂടുന്നുണ്ടെന്ന് അമ്മ ശാസിച്ചു. ഞങ്ങളാരും ഒന്നും കേൾക്കുന്നില്ലല്ലോ എന്ന് അത്ഭുതം കൂറി. 

    പിന്നീട് പലപ്പോഴും ഞാനാ ഫ്ളാറ്റിലെ സന്ദർശകയായി .അവരുടെ അടുത്തൂന്നു പുസ്തകങ്ങളും  ഗസലുകളുടെ CD യും ഒക്കെ വാങ്ങാനാണെന്ന വ്യാജേനെ ഞാനവിടെ പൊയ്ക്കൊണ്ടേയിരുന്നു. പക്ഷേ, ഇത്ര നാളായിട്ടും എനിക്കവരെ കുറിച്ചൊന്നും ചോദിയ്ക്കാൻ ധൈര്യം വന്നില്ല. അവരുടെ കണ്ണുകളിലേക്കു നോക്കുമ്പോ ചോദിയ്ക്കാൻ വന്നതൊക്കെ വേറെന്തൊക്കെയോ ആയിപ്പോകുമായിരുന്നു. അമ്മ ഉറപ്പിച്ചു പറയും പോലെ അവിടെ വേറെ ആരും ഇല്ലെങ്കിൽ, അവരെന്റെ ചോദ്യത്തെ എങ്ങനെ എടുക്കും എന്നെനിക്കാധിയായി. അവരുടെ സ്വകാര്യസംഭാഷണങ്ങൾ ഒളിഞ്ഞു കേൾക്കുന്ന ഒരു ചീത്ത കുട്ടിയാണ് ഞാനെന്ന് അവര് തെറ്റിദ്ധരിക്കുമോ എന്ന് ഞാൻ ഭയപ്പെട്ടു, അവരെന്നോട് കൂട്ട് വെട്ടുമോന്നു സംശയിച്ചു.

പക്ഷേ , ഒരു ദിവസം അവരെന്നോട് ചോദിച്ചു,"കനിക്കെന്തേലും എന്നോട് ചോദിയ്ക്കാനുണ്ടോ ?"

      ഞാൻ ഞെട്ടലോടെ പരുങ്ങിയപ്പോ അവര് ചിരിച്ചോണ്ട് പറഞ്ഞു, ഞാനിന്നലെ താഴോട്ടു പോകുമ്പോ, കനിയും അമ്മയും കൂടി തർക്കിക്കുന്നത് കേട്ടിരുന്നു. നിങ്ങടെ ഫ്ലാറ്റിന്റെ വാതിൽ തുറന്നു കിടക്കായിരുന്നു. 

     അവരെന്നോട് ചേർന്നിരുന്ന് ഒരു സ്വകാര്യം പോലെ പറഞ്ഞു. നീ പറഞ്ഞത് പോലെ ഇവിടെന്റെ കൂട്ടുകാരൻ ഉണ്ട്. പക്ഷേ , എനിക്കല്ലാതെ വേറാർക്കും അവനെ കാണാൻ പറ്റില്ല. അവനിഷ്ടല്ല ആൾക്കൂട്ടം. അവനും ഞാനും മാത്രമാണെങ്കിൽ എത്ര നേരം വേണേലും മിണ്ടിക്കൊണ്ടിരിക്കും . ഭയങ്കര കള്ളനാ. പക്ഷെ പാവാണ് ട്ടോ. ഇതാ ഇവിടെ എന്റടുത്തിരിപ്പുണ്ട്. കനി പറയണതൊക്കെ കേൾക്കുന്നുണ്ട് ട്ടോ. അപ്പോഴാണ് അവര് ചായ എടുക്കുമ്പോ ഒരു കപ്പിൽ പകുതി പകർന്നു വെക്കാറുള്ളത് ഞാനോർത്തത്.

     എനിക്ക് വട്ടാണെന്ന് തോന്നുന്നുണ്ടോ കനിക്ക് ? അല്ലാ ട്ടോ . നല്ല ബോധം ണ്ട് . ഒരു കാലത്തു ഞങ്ങളൊന്നിച്ചായിരുന്നു, യാത്രകളും ഗസലുകളും ഒരുപാട് സ്നേഹവും ഒക്കെയായി. പിന്നെയെപ്പഴോ അവൻ പറഞ്ഞു, ഒന്നിച്ചാൽ ഈ അടുപ്പം പോവുമെന്ന്, പഴയ സ്നേഹം പിന്നെ ഉണ്ടാവില്ലാന്ന്.....പിന്നേം എന്തൊക്കെയോ.........എനിക്കൊന്നും പറയാൻ അവസരം തരാതെ പെട്ടെന്നൊരൂസം അവനങ്ങു പോയി. ഞങ്ങള് പങ്കു വെച്ച സ്നേഹവും ഓർമ്മകളും ഞാനും ബാക്കിയായി. കുറച്ചു നേരം എന്തോ ഓർത്തെന്ന പോലെ അവര് മൂളി "ചുപ്‌കേ ചുപ്‌കേ രാത് ദിൻ ആസൂ ബഹാനാ യാദ് ഹേ ...."

      എനിക്കറിയാം കനീ ....എന്നോടിഷ്ടം ഇല്ലാഞ്ഞിട്ടല്ല, ഇഷ്ടം കൂടിയതോണ്ടാണ് അവൻ പോയതെന്ന്. എവിടെയോ സന്തോഷത്തോടെ ഇരിക്കുന്നുണ്ടാവും എന്നുറപ്പുണ്ട്. പക്ഷെ, എനിക്ക് ഒറ്റക്കാവണ്ടായിരുന്നു കനീ ....അന്ന് മുതൽ അവൻ എന്റെ കൂടെ ണ്ട് ....ഊണിലും ഉറക്കത്തിലും ഓരോ നിമിഷത്തിലും ....  ഇപ്പോഴാണ് അവൻ ശരിക്കും എന്റെ കൂടെ ആയത്. പണ്ട് ഇത്രേം പോലും കൂടെ കിട്ടാറില്ലായിരുന്നു. എനിക്കെപ്പഴും കാണാം ....മിണ്ടാം...... ആ കണ്ണിലേക്കു നോക്കി അവനിലേക്ക്‌ അലിഞ്ഞില്ലാതാകാം....മുടിയിലൂടെ വിരലോടിച്ചിരിക്കാം .... ഒരു കുഞ്ഞിനെ പോലെ മാറോടു ചേർക്കാം.... സങ്കടം വരുമ്പോ ആ കൈക്കുള്ളിലമർന്ന് ആ നെഞ്ചിൽ പെയ്തിറങ്ങാം.... ദേഷ്യം വരുമ്പോ പിച്ചുകേം മാന്തേം  താടി പിടിച്ചു വലിക്കേം ഒക്കെ ചെയ്യാം...... രാത്രികളിൽ നക്ഷത്രങ്ങളെ കണ്ട്, വിരലുകൾ കോർത്ത് ഒരേ പാട്ടിൽ ഒഴുകിനീങ്ങാം... യാത്രകൾ പോകാം......അവനിവിടെ ഉണ്ട് കനീ ...എന്റെ കൂടെ തന്നെ ......  അവർ വിരലുകൾ മറ്റാരുടെയോ വിരലിലെന്ന പോലെ കോർത്ത് പതുക്കെ കണ്ണടച്ചിരുന്നു..... ഇപ്പൊ എനിക്കും കാണാം ആ കള്ളച്ചിരിയോടെ അവരേം ചേർത്ത് പിടിച്ചിരിക്കുന്ന അയാളെ ....ചങ്കിൽ വേദന പൊടിഞ്ഞിറങ്ങുന്നു....എനിക്കൊന്നുറക്കെ കരയാൻ തോന്നി. ഒന്നും മിണ്ടാതെ അവിടെന്നെണീറ്റു ഒരല്പം നടന്നു തിരിഞ്ഞു നോക്കിയപ്പോൾ കണ്ടു , അവരുടെ നെറ്റിയിൽ സ്നേഹത്തോടെ ചുണ്ടുകൾ ചേർക്കുന്ന അയാളെ.... ഒരു കരച്ചിലോടെ ചെന്ന് കിടക്കയിൽ വീണപ്പോൾ കേട്ടു 12 B യിൽ നിന്നൊഴുകി വരുന്ന രബീന്ദ്ര സംഗീതം .... പിന്നെ പതുക്കെ ചിലങ്കയുടെ താളവും....
















Tuesday, April 21, 2020

എന്റെ സ്വപ്നങ്ങളും ഞാനും ....

         ചെറുപ്പം മുതലേ  bathroom  എനിക്കൊരു വീക്നെസ്സ് ആയിരുന്നു. സ്വതവേ സ്വപ്നജീവിയായ ഞാൻ കണ്ടിരുന്ന അതിമനോഹരമായ കിനാക്കൾ പലതും പിറവിയെടുത്തത് ബാത്റൂമുകളിൽ നിന്നായിരുന്നു.(അവയിൽ ചിലതു നടന്നിട്ടുണ്ട്. അതിലേറെയെണ്ണം ചീറ്റിപ്പോയിട്ടുമുണ്ട്). പരുപരുത്ത ചുമരുകളുള്ളത് , ഓല കൊണ്ട് മറച്ചു കെട്ടിയത് , ടൈൽ ഇട്ടു മിനുക്കിയത്, വെളിച്ചമുള്ളത് - ഇല്ലാത്തത് , വാതിലുള്ളത് - ഇല്ലാത്തത് (തെറ്റിദ്ധരിക്കേണ്ട . പഴയ സാരി , പ്ലാസ്റ്റിക് ചാക്ക് തുടങ്ങിയവയൊക്കെ കൊണ്ട് വാതിലിനു പകരം ഒരു പ്രയോഗം ണ്ട് ,അതാ ഉദ്ദേശിച്ചേ ) തുടങ്ങി ഏതു തരം  ബാത്റൂമും ആയിക്കൊള്ളട്ടെ , സ്വപ്നം കാണാൻ എനിക്കൊരു ബുദ്ധിമുട്ടും ഇല്ലായിരുന്നു.  വീട്ടുകാരും ബന്ധുക്കളുമൊക്കെ നല്ലോണം കളിയാക്കാറും ഉണ്ടായിരുന്നു. "ഈ കുട്ടി ഇതിന്റുള്ളില് എന്തെടുക്കാന്നു" ആശ്ചര്യപ്പെടാത്ത ബന്ധുക്കൾ വളരെ കുറവായിരുന്നു കുടുമ്മത്ത്. അതോണ്ട് തന്നെ തിരക്കുള്ളോരുടെ നീരാട്ട് കഴിഞ്ഞു മാത്രേ എന്നെ കുളിമുറിയുടെ പരിസരത്തേക്ക് അടുപ്പിച്ചിരുന്നുള്ളു. ഇതൊന്നും ഈയുള്ളവളുടെ സ്വപ്നാടനത്തെ തളർത്തിയില്ല. പൂർവാധികം ശക്തിയോടെ പുതിയ സ്വപ്നങ്ങൾ വന്നു കൊണ്ടേ ഇരുന്നു. 

              SSLC പരീക്ഷക്ക് ഒന്നാം റാങ്ക് വാങ്ങുന്നതും പത്രങ്ങളുടെ മുൻപേജിലും ലേബർ ഇന്ത്യേടേം വിജയവീഥീടേം കവർ പേജുകളിലും എന്റെ,  ചിരിക്കുന്ന മനോഹരമായ ഫോട്ടോ വരുന്നതും (അമിതാ ജോയീടേം ആശാ ജോർജിൻറേം ഒക്കെ പടം അത് പോലെ വന്നപ്പോ കട്ട ഇൻസ്പിരേഷൻ കയറിയതാ . എന്റെ തൊട്ടു മുന്നത്തെ SSLC  ബാച്ചിലെ ഒന്നാം റാങ്ക് അവർക്കായിരുന്നു ), സിനിമാ നടി ശോഭന എന്റെ അടുത്ത സുഹൃത്താകുന്നതും ഞങ്ങൾ ഒന്നിച്ചു ഡാൻസ് അവതരിപ്പിക്കുന്നതും (അന്ന് ഡാൻസിന്റെ ABCD പോലും അറിയില്ലായിരുന്നു എന്നത് സത്യം , പക്ഷെ സ്വപ്നം കാണാൻ  അതൊന്നും തടസ്സായിരുന്നില്ല) , ഞാനൊരു തിരക്കുള്ള ഗൈനോക്കോളജിസ്റ് ആകുന്നതും, ഓപ്പറേഷൻ തിയേറ്ററിൽ നിന്ന് പുറത്തിറങ്ങി ആകാംക്ഷയോടെ നിൽക്കുന്ന ബന്ധുക്കളോട് 'പെൺകുഞ്ഞാണ്‌ ' എന്ന് പറഞ്ഞു slow motion  ൽ നടന്നകലുന്നതും ബാത്റൂം കിനാക്കളുടെ ചുരുക്കം ചില എപ്പിസോഡുകൾ മാത്രമാണ്. ഇങ്ങനത്തെ യമണ്ടൻ  സ്വപ്‌നങ്ങൾ മാത്രല്ലാ  ട്ടോ, ചില്ലറ പൈങ്കിളി സ്വപ്നങ്ങളും കാണാറുണ്ടായിരുന്നു ഞാൻ. ഞാൻ ഒളികണ്ണിട്ടു വായ്നോക്കിയിരുന്ന സുന്ദരന്മാർ എന്നോട് വന്നു "I Love  you " ന്ന്  പറയുന്നതും, ഞാൻ അവരെ മൈൻഡ് ചെയ്യാതെ ഇതൊന്നും എനിക്കിഷ്ടമല്ല എന്ന മട്ടിൽ നടന്നു പോകുന്നതും, 'ശ്രീകൃഷ്ണ ' സീരിയലിലെ കൃഷ്ണനോട് (please  note the point : കൗമാരക്കാരനായ കൃഷ്ണൻ )പ്രേമം മൂത്ത് നാട് വിട്ടു പോയ ഞാൻ കൃഷ്ണന്റെ വീട്ടിലെ വേലക്കാരിയായും പിന്നെ അയാളുടെ മോഹവല്ലിയായും മാറുന്നതും ഒടുക്കം climax  ൽ ഞങ്ങൾ കല്യാണം കഴിച്ച് എല്ലാം ശുഭമാകുന്നതുമൊക്കെ അത്തരം സ്വപ്നങ്ങളിൽ ചിലത് . വലുതാവുംതോറും സ്വപ്നം കാണലുകൾ കുറഞ്ഞു വന്നു, അതോടെ ബാത്‌റൂമിൽ ഞാൻ ചെലവാക്കിയിരുന്ന സമയവും. 

                   കല്യാണം കഴിഞ്ഞതോടെ സ്വപ്‌നങ്ങൾ ഉറക്കത്തിൽ മാത്രമായി, അതും ദുഃസ്വപ്നങ്ങൾ. 2 -3 വർഷം കൊണ്ട് തകർന്നു തരിപ്പണമായ വിവാഹജീവിതത്തിൽ നിന്ന്  ഏന്തിവലിഞ്ഞെണീറ്റപ്പോഴാണ് ഞാൻ വീണ്ടും സ്വപ്‌നങ്ങൾ കണ്ട്  തുടങ്ങിയത്. ഒന്നുമല്ലാത്തിടത്ത് വെച്ച് നിർത്തിയ  പഠനം തുടരാൻ എന്ന് തീരുമാനിച്ചോ, അന്ന് തൊട്ട് എന്റെ സ്വപ്നങ്ങളും കൂടെ ഉണർന്നു തുടങ്ങി. അങ്ങനെ കണ്ട ഒരു കുഞ്ഞുസ്വപ്നത്തിന്റെ ഖിസ്സ പറയാനാണ് സൂർത്തുക്കളെ  ഞാൻ ഇത്രേം വല്ല്യ ഒരു intro ഇട്ടത് .

            2012 ൽ എംജി യൂണിവേഴ്സിറ്റി SPS (സ്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസ്) ൽ എം.എഡ്. നു പഠിക്കുമ്പോഴാണ് ഞാൻ ആദ്യമായി ഒരു PhD ഓപ്പൺ ഡിഫെൻസ് കാണുന്നത്. ആരുടേതായിരുന്നു ആ ഓപ്പൺ ഡിഫെൻസ് എന്നത് എനിക്കോർമ്മയില്ല. PhD എന്നും, ഓപ്പൺ ഡിഫൻസ് എന്നുമൊക്കെ ആദ്യായിട്ട് കേൾക്കുന്നത് പോലും അവിടന്നാണ്‌. ഞങ്ങൾ MEd കാരെ സംബന്ധിച്ചിടത്തോളം ഹോസ്റ്റൽ ഭക്ഷണത്തിൽ നിന്ന് ഒരു നേരത്തെ മോചനം എന്നതായിരുന്നു മേൽപറഞ്ഞ പരിപാടിയുടെ main attraction  ( ഉച്ചക്ക് നല്ല സദ്യണ്ടാവും ,അതാണ് ). ചായ കൊടുക്കലും file വിതരണവും ഒക്കെ കഴിഞ്ഞ് അവസാനത്തെ ബെഞ്ചിൽ പോയി ഇരിക്കുമ്പോഴേക്കും തുടക്കത്തിലേ പരിചയപ്പെടുത്താലൊക്കെ കഴിഞ്ഞ് ഗവേഷകൻ / ഗവേഷക തന്റെ പ്രബന്ധം അവതരിപ്പിക്കുന്നതിലേക്കു കടന്നിരുന്നു. അവര് പറയുന്ന കാര്യങ്ങൾ ഒന്നും മനസ്സിലാവാതെ, മാറി മാറി വരുന്ന പവർ പോയിന്റ് സ്ലൈഡുകളിലെ ഒബ്ജക്റ്റീവ്‌സും ഹൈപ്പോതെസിസും ഗ്രാഫുകളും അനോവയും അൻകോവയും ഒക്കെ കണ്ട് പകച്ചു പണ്ടാരടങ്ങിയിരുന്നപ്പോ ഒരു നഗ്നസത്യം മനസ്സിലായി. നമ്മടെ ഇന്നസെന്റേട്ടൻറെ ഭാഷേല് പറഞ്ഞാ , വെള്ളേപ്പങ്ങാടീല് വെള്ളേപ്പം അടിക്കണ പോലെ അത്ര എളുപ്പല്ല ഈ പണീന്ന് . പക്ഷേ , ഒക്കെ കഴിഞ്ഞ് chairman വന്ന് ഗവേഷകയെ അഭിനന്ദിക്കുകയും Dr. എന്ന് അഭിസംബോധന ചെയ്യുകയും അത് കേട്ട് അവരുടെ അച്ഛനുമമ്മയും സന്തോഷത്തോടെ കണ്ണ് തുടക്കുകയും കാണികൾ കരഘോഷം മുഴക്കുകയും ചെയ്യണത് കണ്ടപ്പോ ന്റെ അസുഖം വീണ്ടും തുടങ്ങി , സ്വപ്നം കാണലെയ് . അന്ന് മുതലിങ്ങോട്ട് ഞാൻ കണ്ട ഏകസ്വപ്നം എന്റെ PhD ഓപ്പൺ ഡിഫൻസ് വേദിയായിരുന്നു.വേറൊന്നുമല്ല, മേൽപറഞ്ഞ ചടങ്ങിന്റെ last  scene  മാത്രം . അതായത് ,chairman എന്നെ Dr . എന്ന് അഭിസംബോധന ചെയ്യണതും അത് കേട്ട് എന്റെ ഉപ്പയും ഉമ്മയും സന്തോഷത്തോടെ കണ്ണ് തുടക്കണതും ഗദ്ഗദത്തോടെ ഞാൻ എല്ലാര്ക്കും നന്ദി പറയണതുമായ ഒടുവിലത്തെ സീൻ മാത്രേ ന്റെ സ്വപ്നത്തിൽ ണ്ടായിരുന്നുള്ളു . അന്നൊന്നും ഞാൻ ഗവേഷണം തുടങ്ങീട്ട് പോലും ണ്ടായിരുന്നില്ല. 8 വർഷം ഞാൻ തുടർച്ചയായി കണ്ട ആ സ്വപ്നമാണ് ഇക്കഴിഞ്ഞ ജനുവരി 22 ന്   അതെ SPS ൽ വെച്ച് സത്യായത്. ഞാൻ ചെയ്തത് ഒരു വല്യ സംഭവമാണെന്നോ PhD  നേടുന്നത് ഒരു ബാലികേറാമലയാണെന്നോ ഒന്നുമല്ല ഇവിടെ പറഞ്ഞു വന്നത്. എനിക്കൊന്നും പഠിക്കാൻ പറ്റുന്നില്ല , ഒന്നും മനസ്സിലാവുന്നില്ല , എന്നെ ഒന്നിനും കൊള്ളില്ല , അതോണ്ടന്നെ ഞാൻ എല്ലാര്ക്കും ഒരു ഭാരാണ് എന്നൊക്കെയുള്ള അപകർഷതാബോധം കൊണ്ടും വിവരല്യായ്മ കൊണ്ടും, ഡിഗ്രി ക്ക് പഠിച്ചോണ്ടിരുന്നപ്പോ  കോളേജ് ഹോസ്റ്റലിന്റെ മുകളീന്ന് ചാടി ആത്മഹത്യ ചെയ്യാൻ തുനിഞ്ഞവളാണ് ഞാൻ. താഴോട്ടു നോക്കിയപ്പോ തല കറങ്ങിയത് കൊണ്ടും ഉപ്പയേ൦ ഉമ്മയേ൦ ഓർമ്മ വന്നത് കൊണ്ടും എന്റെ ആത്മഹത്യ അവർക്കൊരു മാനക്കേടാവുമല്ലോ എന്നൊരു ചിന്ത വന്നത് കൊണ്ടും , ന്നാ പിന്നെ അടുത്ത സെമസ്റ്റർ കഴിഞ്ഞു വേണേൽ ആത്മഹത്യ ചെയ്യാം എന്നൊരു ഉൾവിളി വന്നത് കൊണ്ടും ആ ഉദ്യമത്തിൽ നിന്ന് ഞാൻ പിന്തിരിഞ്ഞതാണ് ( ഭാഗ്യം....അന്നത്  ചെയ്തിരുന്നേൽ നാറിപ്പോയേനെ .അത്ര ഉയരമൊന്നും ഇല്ല്യാത്തോണ്ടു, കയ്യോ കാലോ ഒടിഞ്ഞു അട്ടം നോക്കി കെടക്കണ്ടി വന്നേനെ ).

         മൈക്രോസോഫ്റ്റ് പവർപോയിന്റും (അക്ഷരങ്ങൾ പറന്നു വരുന്നു ....ചിത്രങ്ങൾ പൊടിഞ്ഞു പോവുന്നു ..ആഹഹാ ..എന്ത് രസം )  വേർഡും ആണ് കമ്പ്യൂട്ടർ സയൻസ് എന്ന് കരുതി BSc Computer Science ന് ചേർന്ന മഹതിയാണ് ഞാൻ . Java coding ഉം Discrete Maths ഉം Microprocessor ഉം COBOL ഉം ഒക്കെ എന്നെ നോക്കി കൊഞ്ഞനം കുത്തി. ഇടയിലെപ്പോഴോ വരുന്ന മലയാളം ക്ലാസ്സുകളും ഇംഗ്ലീഷ് ക്ലാസ്സുകളും മാത്രമായിരുന്നു ഒരാശ്വാസം . ശരിക്കും പ്രേമം സിനിമേലെ  Java ക്ലാസ് അതിശയോക്‌തി ഒന്നും അല്ലാ ട്ടോ. എന്നേലും അൽഫോൻസ് പുത്രനെ കാണുമ്പോ ചോദിക്കണം , അങ്ങേരും ഇതേ പോലെയാണോ പഠിച്ചേന്ന് . പഠിക്കുന്ന വിഷയങ്ങളെ വെറുത്ത്, സ്വയം വെറുത്ത് , ലോകത്തെ മുഴുവൻ വെറുത്ത് എന്നെ ഒന്നിനും കൊള്ളില്ലാന്നു എന്നോട് തന്നെ വീണ്ടും വീണ്ടും പറഞ്ഞ് ഡിഗ്രീ കോഴ്സ് എങ്ങനെയോ തീർത്തു. ഇനി പഠിക്കുന്നില്ലാന്ന് ഉറപ്പിച്ചാണ് വീട്ടിലെത്തിയത് . വെറും ഡിഗ്രി കൊണ്ട് ഒരു കാര്യവുമില്ലാന്ന് കാണുന്നോരു മുഴുവൻ പറഞ്ഞോണ്ടിരുന്നോണ്ടും, എന്റെ ഇഷ്ടമെന്താണെന്ന് ഉറക്കെ പറയാൻ ധൈര്യമില്ലാതിരുന്നത് കൊണ്ടും വീണ്ടും M.Sc ക്ക് തല വെച്ച് കൊടുത്തു ... ഡിഗ്രി കാലത്തിന്റെ തുടർച്ച.....ഇവിടെ ആശ്വസിക്കാൻ മലയാളമോ ഇംഗ്ലീഷോ പോലും ഉണ്ടായിരുന്നില്ല . ഒന്നുമല്ലാതെ കടന്നു പോയ 5 വർഷങ്ങൾ എന്നെ നിരാശയുടേയും അപകർഷതയുടെയും പടുകുഴിയിൽ എത്തിച്ചു. അപ്പോഴൊക്കെ ഞാൻ മറന്നു പോയ കുറച്ചു കാര്യങ്ങൾ ഉണ്ടായിരുന്നു: സ്വയം സ്നേഹിക്ക്യ , സ്വന്തം ഇഷ്ടങ്ങൾ എന്താണെന്ന് തിരിച്ചറിയാ, അത് തുറന്നു പറയാ, അതിനു വേണ്ടി സ്വപ്നം കാണാ , ആ സ്വപ്നത്തിലേക്ക് നടക്കാ ..... ഇത്രേം ചെയ്താ മതിയാരുന്നു. പിന്നെ വിജയൻ പറഞ്ഞ പോലെ" എല്ലാത്തിനും അതാതിന്റെ സമയം ണ്ടല്ലോ ദാസാ ..". അങ്ങനെ ഒരു ഘട്ടത്തിലേക്ക് എത്താൻ  ഞാൻ പിന്നേം 7 വര്ഷം എടുത്തു, ഒരുപാട് അടികൾ തുടരെ തുടരെ കൊള്ളേണ്ടി വന്നു ...പക്ഷേ , അടി തെറ്റി വീഴാൻ പോകുമ്പോഴൊക്കെ താങ്ങാൻ ഉപ്പയും ഉമ്മയും ഷമയും ജെറിയും കട്ടക്ക് കൂടെ ഉണ്ടായിരുന്നു....പിന്നെ കുറച്ചു നല്ല സുഹൃത്തുക്കളും ....... തിരിച്ചെഴുന്നേറ്റു വന്നപ്പോ ഞാൻ ആദ്യം സ്നേഹിച്ചു തുടങ്ങിയത് എന്നെ തന്നെയായിരുന്നു.....ഏറ്റവും കൂടുതൽ മിണ്ടിയത് എന്നോട് തന്നെയായിരുന്നു... ശരിക്കും സ്വപ്നം കാണാനും അതിനു വേണ്ടി അഭിനിവേശത്തോടെ പ്രവർത്തിക്കാനും തുടങ്ങിയത് അതിനു ശേഷമായിരുന്നു.

                ഇന്ന് പല കുട്ടികളുടെയും ആത്മഹത്യാ വാർത്ത കേൾക്കുമ്പോ നെഞ്ചൊന്ന് പിടക്കും ...ഉള്ളു പൊള്ളും ...... ഇനി ആർക്കും ഈ തോന്നൽ ണ്ടാവല്ലേന്നു ചങ്കിൽ തട്ടി പ്രാർത്ഥിക്കും ....അവരെ കാത്തിരിക്കുന്ന നല്ല പുലരികളെക്കുറിച്ച് അവരോർത്തെങ്കിൽ എന്ന് കൊതിക്കും ......

                ഒരുപാട് നന്ദിയുണ്ട്, ഹൃദയം നിറച്ചും സ്നേഹവും ...പലരോടും, .....എന്റെ കുടുംബത്തോട് .... അധ്യാപകരോട് .....സുഹൃത്തുക്കളോട് ......കൂടെ ഉണ്ടായിരുന്ന ഓരോരുത്തരോടും ........പിന്നെ എന്നെ പൊതിഞ്ഞു കൊണ്ട് നടക്കുന്ന പഞ്ഞിക്കെട്ടു പോലെയുള്ള, സർവശക്തന്റെ കരങ്ങളോടും ......  സ്വപ്നങ്ങളുടെ എപ്പിസോഡ് തുടർന്ന് കൊണ്ടേ ഇരിക്കും.......കണ്ണടയും വരെ....






Monday, April 20, 2020

അഡൂരും സുജയും പിന്നെ എന്റെ മാണിക്കവും


          കുറെ നാളായി വല്യ ഇടവേളകളില്ലാതെ മാണിക്കം ഇങ്ങനെ മനസ്സിലേക്ക് ഓടിക്കേറി  വരാറുണ്ട്. കുട്ടിക്കാലത്തെ കുറെ നിറമുള്ള ഓർമകളിൽ എപ്പഴും നിറഞ്ഞു നിൽക്കുന്ന ഒരു നനുത്ത ഓർമ്മ, സ്നേഹം എന്ന വാക്കു കേൾക്കുമ്പോൾ ഓടിയെത്തുന്ന മുഖങ്ങളിൽ ചിലത്. മാണിക്കത്തിനെ കുറിച്ച് പറയുമ്പോ ആദ്യം അഡൂരിനെ കുറിച്ച് പറയണം. എല്ലാർക്കും അറിയണ 'പത്തനംതിട്ട അടൂർ ' അല്ല ട്ടോ .ഇത് നമ്മടെ കാസർകോട്ടെ അഡൂർ, കേരളത്തിന്റേം കർണാടകേടേം അതിർത്തിഗ്രാമം( ഈ 'intro' പറഞ്ഞു പറഞ്ഞു തഴമ്പിച്ചതാ ട്ടോ . ആരോട്  അഡൂരിനെ കുറിച്ച് പറയുമ്പോഴും ഞാനിങ്ങനെയാ പറഞ്ഞു തുടങ്ങാറ് ). എന്റെ ഓർമ്മേലെ അഡൂര്  ദാ ഈ പറയാൻ പോണ കാര്യങ്ങളൊക്കെയാ........

           കുറ്റിപ്പുറം മുതൽ കാസർകോട് വരെയുള്ള നീണ്ട തീവണ്ടി യാത്ര കഴിഞ്ഞു, ബസ് കയറിയാ പിന്നെ വളവും തിരിവും അതിന്റെടേലു ഉറക്കോം (ഛർദി വരാണ്ടിരിക്കാൻ വേണ്ടിയാ ട്ടോ ഈ കഷ്ടപെട്ടുള്ള ഉറക്കം ) പിന്നെ ഉറക്കത്തിന്റെ ഇടയിൽ നിന്ന് ഞെട്ടിയെണീറ്റ് ഛർദിച്ചു ഉമ്മാന്റെ കയ്യിലുള്ള ഒരു കവറ് നിറച്ചു കഴിയുമ്പോഴേക്കും ബസ് അവസാനത്തെ സ്റ്റോപ്പിലെത്തീട്ടുണ്ടാകും. ഈ അവസാനത്തെ സ്റ്റോപ്പിന് ഒരു പ്രത്യേകത ണ്ട് ട്ടോ.  മഴക്കാലത്ത് അവസാനത്തെ സ്റ്റോപ്പ് പള്ളത്തൂർ ആണ്(ഒരു അഞ്ചാം ക്ലാസ്കാരീടെ ഓർമ്മയാണ് ട്ടോ,  അത് തന്നെയാണ് ആ സ്ഥലത്തിന്റെ പേര് എന്നാണ് എന്റെ ഒരു ഇത് ). അവിടെ ഇറങ്ങി ആടിയുലഞ്ഞു പോണ തോണീല് ഒരു യാത്ര ണ്ട് , അവസാനിക്കല്ലേ എന്ന് ഞാനും പെട്ടെന്ന് ഒന്നക്കരെ എത്തിയിരുന്നെങ്കിൽ എന്ന് ഉമ്മയും പ്രാര്ത്ഥിക്കണ ഒരു യാത്ര. രണ്ടു മക്കളേം ഇരുവശത്തും ചേർത്തിരുത്തി യാത്ര ചെയ്യണ ഉമ്മാക്ക് നെഞ്ചിടിപ്പ് സ്വാഭാവികം . അന്തോം കുന്തോം ഇല്ലാത്ത എനിക്ക് എന്ത് ബേജാറ്! അക്കരെ ഇറങ്യാ പിന്നെ ചെമ്മണ്ണിട്ട റോഡിലൂടെ ജീപ്പില് പൊടി മുഴുവൻ തിന്നോണ്ട് കൊറേ പോയാ നമ്മടെ അഡൂരെത്തി . വേനൽക്കാലത്തു പിന്നെ ഈ സീനൊന്നും ഇല്ല്യ ട്ടോ. ബസ് നേരെ പുഴയിലൂടെ വന്നു അഡൂരെത്തും(അമ്മച്ചിയാണേ , തള്ളല്ല ട്ടോ. ആ സമയത്തു പുഴേല് ഒരു തുള്ളി വെള്ളം ണ്ടാവില്യ). ഇപ്പൊ ആ അവസ്ഥയൊക്കെ  മാറീണ്ടാവും. അന്നത്തെ എന്റെ വിശ്വാസം അഡൂരാണ് ഭൂമിയുടെ അറ്റം ന്നാ. ഉമ്മ ഇപ്പഴും പറയാറുണ്ട് , എത്തിപ്പെടാൻ ള്ള ബുദ്ധിമുട്ടേ ള്ളൂ , എത്തിക്കഴിഞ്ഞാൽ ഇത്രേം നല്ല സ്ഥലം വേറെ ല്ല്യാന്നു . സത്യാണ് ട്ടോ അത്. അവിടത്തെ ആളുകളാണ് ആ സ്ഥലത്തിന്റെ സൗന്ദര്യം. ഇല്ലെങ്കിൽ ഒരു 9 വയസ്സുകാരീടെ ഉള്ളിൽ ണ്ടായിരുന്ന  അവരുടെ രൂപങ്ങൾ ഇന്നും അതേ തെളിച്ചതോടെ നില നിൽക്കില്ലായിരുന്നു. അവരെ തപ്പിക്കൊണ്ട് ഫേസ്‌ബുക്കിൽ അവളിന്നും യാത്ര ചെയ്യില്ലായിരുന്നു, ഇത് പോലെ ചങ്കിൽ തട്ടി കുത്തിക്കുറിക്കില്ലായിരുന്നു.
          ഹൈസ്കൂളിന്റെ തൊട്ടടുത്ത് തന്നെയായിരുന്നു ഞങ്ങൾ താമസിച്ചിരുന്ന, ബഡൂച്ചാന്റെ ക്വാർട്ടേഴ്‌സ്. ക്വാർട്ടേഴ്‌സ് എന്നൊക്കെ ചന്തം ചാർത്തി പറയാം. 6 കുടുംബങ്ങൾ താമസിച്ചിരുന്ന നീളത്തിലുള്ള ക്വാർട്ടേഴ്‌സിന്റെ ഏറ്റവും അറ്റത്തെ ചായ്പ്പായിരുന്നു ഞങ്ങളുടേത്. ചെറിയ ഒരു അരഭിത്തി കൊണ്ട് ആ ഒറ്റമുറിയെ അടുക്കളയെന്നും കിടപ്പുമുറിയെന്നും രണ്ടായി തിരിച്ചിട്ടുമുണ്ട്. ആ മുറിയായിരുന്നു ഷമേം ഞാനും അടികൂടിയും സ്നേഹിച്ചും ചിലപ്പോ വരാറുള്ള വിരുന്നുകാർക്ക് വിട്ടു കൊടുത്തും മണ്ണെണ്ണ വിളക്കിന്റെ ചോട്ടിലിരുന്നു വായിച്ചും ആഴ്ചയിൽ വരാറുള്ള, വർണക്കടലാസിലെ ഉപ്പാന്റെ സ്നേഹാക്ഷരങ്ങളെ വീണ്ടും വീണ്ടും വായിച്ചും അവധിക്കാലത്തെ കാത്തിരുന്നും ആഘോഷമാക്കിയിരുന്ന ഇടം. ജയൻ അങ്കിളിനോട് വഴക്കിടുന്ന ദിവസങ്ങളിൽ ആട്ടുകല്ലിന്റെ അടുത്ത് പലക  ഇട്ടിരുന്ന്‌ "മാണിക്യ വീണയുമായെൻ മനസ്സിന്റെ" എന്ന പാട്ടു വീണ്ടും വീണ്ടും കേട്ട് കരയാറുള്ള, നീണ്ട മുടിയുള്ള ബാലാന്റിയും, പവിനും ശില്ലുവും ഇല്ലക്കേം ചിമ്പാമനും ലതികാന്റിയും ദുന്ദുവാന്റിയും  സാജിദാന്റിയും കുട്ടൂസും അമ്മമ്മേം നിതിനും ഒക്കെ ആയിരുന്നു ഞങ്ങടെ അയൽക്കാർ.

         രണ്ടാം ക്ലാസ്സിലാണ് ഞാനവിടെ ചേരുന്നത്. എൽ.പി. സ്കൂളിന്റെ കെട്ടിടം കുറച്ചു നടന്നു പോവാനുള്ള ദൂരത്തായിരുന്നു. സുജാതേം ലതേം ഫ്രിജിലും ഞാനും കൂടി കഥകളും പറഞ്ഞു നടക്കും. അടിയാന്മാരുടെ കോളനീടെ അത്യേനെ പോണ്ട, റോട്ടിലൂടെ പോയാ മതീന്നൊക്കെ ശട്ടം കെട്ടിയാ സുജേന്റെ ചേച്ചി ഞങ്ങളെ പറഞ്ഞയക്യ. പക്ഷെ ഞങ്ങൾക്കിഷ്ടം കോളനീൻറെ അതിലെ പോണതായിരുന്നു. മണ്ണോണ്ട് ണ്ടാക്കിയ, പുല്ലു മേഞ്ഞ കുഞ്ഞി വീടുകളും, ചാണകം മെഴുകിയ മുറ്റങ്ങളും, കോഴികളും ആടുകളും പന്നികളും അടക്കി വാഴുന്ന പൊടിമണ്ണ് നിറഞ്ഞ ചെറിയ വഴികളും നിഷ്കളങ്കമായ ചിരി സമ്മാനിക്കുന്ന പേരറിയാത്ത കുറെ മുഖങ്ങളും ഞങ്ങളെ ആ വഴി പോകാൻ പ്രേരിപ്പിച്ചു കൊണ്ടേയിരുന്നു. അത് മാത്രല്ല, അതിത്തിരി വളഞ്ഞ വഴീം കൂടിയാണ്, അപ്പൊ പിന്നെ കുറെ നേരം കൂടി വർത്താനം പറഞ്ഞു നടക്കാല്ലോ! ആ പ്രായത്തിലന്നെ എന്തോരം കഥകളാ ഞങ്ങക്ക് പറയാൻ ണ്ടായിരുന്നത്! ഓല മേഞ്ഞ, മഴ പെയ്താൽ ചോരുന്ന, നിലത്തു ചാക്ക് വിരിച്ചിരിക്കുന്ന, സുജേം, ലതേം,വാസന്തീം, കുഞ്ഞിസാവിത്രീ൦   വല്യസാവിത്രീ  മഞ്ജുളേ൦ റാബിയേ൦ പിന്നെ ഞങ്ങടെ പ്രിയപ്പെട്ട ഗോവിന്ദൻ മാഷും ഒക്കെ ള്ള ന്റെ രണ്ടാം ക്ലാസ്സിനെ കുറിച്ചോർക്കുമ്പോൾ ഞാൻ ഇപ്പഴും വല്ലാണ്ട് ദുർബലയാവാറുണ്ട്. അന്നൊക്കെ സുജേം ഞാനുമൊക്കെ ആഗ്രഹിച്ചിരുന്നത് എന്താന്നറിയോ? ഞങ്ങടെ ഗോവിന്ദൻ മാഷിന്റെ 'സ്വന്തം' കുട്ടി ആവാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന്.കഴിഞ്ഞതൊന്നും തിരിച്ചു വരില്ലാന്നു അറിയുമ്പോഴും, തിരിച്ചാ കാലത്തിലേക്കെത്താൻ എന്റെ ഉള്ളിലെ വാശിക്കാരി കുട്ടി ഇപ്പോഴും ചിണുങ്ങാറുണ്ട്. 
         എന്റെ ഓർമ്മേല് ആദ്യായിട്ട് ഞെട്ടലോടെ കേട്ട മരണവാർത്ത അവ്ട്ന്നായിരുന്നു, ഞങ്ങടെ കുഞ്ഞിസാവിത്രീന്റെ അമ്മേടെ മരണം. അത് വരെ എന്റെ വിശ്വാസം നമ്മടെ അമ്മമാരൊന്നും മരിച്ചു പോവില്ല എന്നായിരുന്നു. പിന്നെ വയസ്സായി തലമുടി ഒക്കെ നരച്ചു, പല്ലൊക്കെ കൊഴിഞ്ഞാൽ വേറെ ആരൊക്കെയോ മരിക്കും ന്നു കേട്ടിട്ടുണ്ട്, ന്നാലും നമ്മടെ ആരും മരിക്കില്ല എന്നൊരു വിശ്വാസം എങ്ങനെയോ വന്നിരുന്നു. ഇത്രേം വയസ്സായ ആളാണോ കുഞ്ഞി സാവിത്രീന്റെ അമ്മ, അവൾക്കാരാ ഇനി മുടി കെട്ടി കൊടുക്കാ, എന്നൊക്കെ ള്ള സംശയങ്ങൾ ആയിരുന്നു  മനസ്സ് മുഴുവൻ....സ്കൂളിൽ ചേർന്നേനു ശേഷം ആദ്യായി,എനിക്ക് വീട്ടിലെത്താൻ തിടുക്കായി ...ഉമ്മാനെ കാണാനും കെട്ടിപ്പിടിക്കാനും ഉമ്മ വെക്കാനും വെമ്പി ഞാനന്നെങ്ങനെയോ 4 മണിയാക്കി. അന്ന് രാത്രി ഏറെ സ്നേഹത്തോടെ ഞാനെന്റെ ഉമ്മയെ കെട്ടിപ്പിടിച്ചു. എന്റെ ഉമ്മ മരിച്ചു പോകല്ലേന്നു ഏറ്റവും ആത്മാർത്ഥമായി പടച്ചോനോട് കണ്ണീരോടെ പ്രാർത്ഥിച്ചു. ഒരാഴ്ച കഴിഞ്ഞിട്ടാണ് പിന്നെ കുഞ്ഞിസാവിത്രി ക്ലാസ്സിൽ വന്നത്,കരഞ്ഞു കലങ്ങിയ കണ്ണുകളോടെ. ആശ്വസിപ്പിക്കാൻ വേണ്ടി അവളുടെ ചുറ്റും കൂടിയ ഞങ്ങൾ അന്നെന്താണ് അവളോട് പറഞ്ഞതെന്ന് ഓർമ്മയില്ല, അവളുടെ കരച്ചിലിന് ആക്കം കൂടിയതെ ഉള്ളു. ഗോവിന്ദൻ മാഷാണ് പിന്നെ അവളുടെ കരച്ചില് മാറ്റിയത്. ശരിക്കും കെട്ടിപ്പിടിച്ചു നെറ്റിയിൽ ഒരുമ്മ കൊടുത്തിരുന്നേൽ അവളുടെ കരച്ചിൽ മാറിയേനെ എന്ന് മുതിർന്നപ്പോ പലപ്പോഴും തോന്നിയിട്ടുണ്ട്. പിന്നീട് പലപ്പോഴും മനസ്സ് കൊണ്ടവളെ കെട്ടിപ്പിടിച്ചു നെറ്റിയിൽ ഒരുപാട് ഉമ്മ വെച്ചിട്ടുമുണ്ട്. പിന്നെ പതുക്കെ അവളും കരച്ചിലൊക്കെ മാറി ചിരിക്കാൻ തുടങ്ങി. ഇന്റർവെല്ലിനു മരത്തിന്റെ ചോട്ടിലിരുന്നു മൂത്രമൊഴിക്കലും, ന്റെ ഷഡ്‌ഡീടെ നിറമെന്തെന്നു ചോദിച്ചു കളിക്കലും ആകാശം ഭൂമി കളിക്കലും ഒക്കെയായി അവളുടെ ചിരി തിരികെ വന്നപ്പോ, എന്തിനെന്നറിയാതെ എനിക്ക് കരച്ചില് വന്നു. 

         അല്ലാ, ഇത് വരെ നമ്മൾ മാണിക്കത്തിലേക്കു എത്തിയില്ല ല്ലേ....! സ്കൂളിലേക്കുള്ള നടത്തത്തിനിടയിൽ 'അയ്യോ, മാണിക്കം വരുന്നേ ..ഓടിക്കോ' എന്നാരോ വിളിച്ചു പറഞ്ഞത് കേട്ട്, എല്ലാരും ഓടുന്ന കൂട്ടത്തിൽ ഞാനും വാണം വിട്ട പോലെ ഓടിയതാണ് ആദ്യത്തെ മാണിക്കം എപ്പിസോഡ്. നീട്ടിയ വടിയുമായി ഓടി വരുന്ന ഒരു രൂപം ഓടുന്നതിനിടയിൽ കണ്ടിരുന്നു. ക്ലാസിലെത്തി കിതപ്പാറിയപ്പോ ഞാൻ സുജയോട് ചോദിച്ചു എന്തിനാ ഓടിയേന്നു. അവള് പറഞ്ഞ കുറെ കഥകളിൽ നിന്ന് കുട്ട്യോളെ പിടിക്കാൻ നടക്കുന്ന ഒരു രാക്ഷസിയുടെ രൂപമാണ് എന്റെ ഉള്ളിൽ തെളിഞ്ഞത്, ആ രൂപത്തിന് ബാലരമേലെ ഡാകിനിയുടെ ഛായ ഉണ്ടായിരുന്നു. അങ്ങനെ ആടിപ്പാടി നടന്നിരുന്ന ഞങ്ങളുടെ സ്കൂൾ യാത്രയുടെ ഒരു flow അങ്ങട് പോയിക്കിട്ടി. ഏതു നിമിഷവും മാണിക്കം  വരും എന്നുള്ള ചിന്ത ഞങ്ങളുടെ കഥ പറച്ചിലിന്റെ സുഖം ഇടയ്ക്കിടെ കളഞ്ഞു കൊണ്ടിരുന്നു. 

           അങ്ങനെയിരിക്കെ ഒരൂസം ക്വാർട്ടേഴ്സിന്റെ  മുറ്റത്തൂന്നു ഒളിച്ചുകളി കളിക്ക്യാരുന്നു ഞങ്ങള്. ഞാനായിരുന്നു അപ്പൊ കള്ളൻ, ഷമേം പവിനും ശില്ലുവും കുട്ടൂസും ഒക്കെ ണ്ടായിരുന്നു കളിയ്ക്കാൻ. നൂറു വരെ എണ്ണി തിരിഞ്ഞു നോക്കിയ ഞാൻ കണ്ടത് തൊട്ടു പിന്നിൽ ചിരിച്ചോണ്ട് നിക്കണ മാണിക്കത്തെ. അന്നത്തെ എന്റെ അവസ്ഥ എങ്ങനെ അവതരിപ്പിക്കണം എന്നെനിക്കറിയില്ല. ചുറ്റിനും ഇരുട്ട്, ആകെ കേൾക്കാവുന്ന ശബ്ദം എന്റെ തന്നെ നെഞ്ചിടിപ്പിന്റേതാണ്, അതാണെങ്കിലോ പെരുമ്പറ പോലെ.....കാലു രണ്ടും കെട്ടിയിട്ട പോലെ, തൊണ്ട ഉണങ്ങി വരണ്ടു ... ഞാൻ തീർന്നു എന്ന് തീർച്ചപ്പെടുത്തി .... കണ്ണ് രണ്ടും കുത്തിപ്പൊട്ടിച്ചു ഭിക്ഷക്കു വിടുന്ന കുട്ടികളെയാണ് അപ്പൊ ഓർമ്മ വന്നത്.  "അല്ലാ,  ഇതാര് മാണിക്കോ?" എന്ന് ചോദിച്ചു ഉമ്മ ആ നേരം പുറത്തു വന്നില്ലായിരുന്നേൽ, സൂർത്തുക്കളെ സത്യായിട്ടും ഞാൻ അവിടെ ഒന്നും രണ്ടും ഒക്കെ നല്ല വെടിപ്പായിട്ടു ചെയ്തേനെ.എന്റെ നെഞ്ചിടിപ്പിന്റെ താളം മനസ്സിലായിട്ടാവും, "പേടിക്കണ്ട ട്ടോ, ഇത് നമ്മടെ മാണിക്കാണ്" എന്ന് പറഞ്ഞു ഉമ്മയെന്നെ ചേർത്ത് നിർത്തി.
"തീച്ചറേ" എന്ന് വിളിച്ചു പൊട്ടിച്ചിരിച്ച മാണിക്കത്തെ അപ്പോഴാണ് ഞാൻ ശരിക്കും കാണുന്നത്. കഴുത്തിൽ നിറയെ നിറം മങ്ങിയ കല്ലുമാലകളും രണ്ടു കൈ നിറയെ പല നിറത്തിലും(നിറം മങ്ങിയ) വലിപ്പത്തിലുമുള്ള കുപ്പിവളകളും കാലിൽ നിറയെ മുത്തുകളുള്ള കിലുങ്ങുന്ന പാദസരങ്ങളും  രണ്ടു തരത്തിലുള്ള ചെരിപ്പും നീണ്ട ചെളി പിടിച്ച നഖങ്ങളും വാരി വലിച്ചു ചുറ്റിയ സാരീം ലൂസായ ബ്ലൗസും ജട പിടിച്ച മുടിയും(അതിനെ മുടി എന്ന്  വിളിക്കുമോന്നറിയില്ല, അഘോരി സന്യാസിമാർക്കാണ് ഞാൻ അങ്ങനത്തെ മുടി കണ്ടിട്ടുള്ളത്) കയ്യിലൊരു നീണ്ട വടിയും കറ പിടിച്ച പല്ലുകളും നെറ്റിയിലെ കറുത്ത വട്ടപ്പൊട്ടും നീട്ടിയെഴുതിയ കണ്ണുകളും ഇടയ്ക്കിടെ കയ്യിലെ കുപ്പിവളകൾ കിലുക്കി അതിലേക്കു നോക്കിയൊരു ചിരിയും ....ഇതൊക്കെ ആയിരുന്നു മാണിക്കതിന്റെ മൊത്തത്തിലുള്ള ഒരു രൂപം. 
"ഇത് തീച്ചറെ മോളുക്കുട്ടിയാ?" എന്ന് ചോദിച്ചു ആ പരുപരുത്ത വിരലുകൾ എന്റെ കവിളിൽ തലോടി. പേരെന്താന്നുള്ള ചോദ്യത്തിന് ഒന്നും മിണ്ടാതെ നിന്ന എന്നോട് "പേര് പറഞ്ഞു കൊടുക്ക് മോളെ " എന്നുമ്മ പറഞ്ഞു. വിറയ്ക്കുന്ന ശബ്ദത്തിൽ "ഷബീല" എന്ന് പറഞ്ഞപ്പോൾ പൊട്ടിച്ചിരിച്ചു കൊണ്ട് "ആ....തബില...തബില...നല്ല പേര്" എന്ന് പറഞ്ഞു. എന്റെ നല്ല പേരിനെ അങ്ങനെ പറഞ്ഞത് എനിക്കൊരു കുറച്ചിലായി തോന്നിയെങ്കിലും അഭിമാനത്തേക്കാൾ മുമ്പിൽ പേടി നിന്നിരുന്നത് കൊണ്ട് ഞാൻ ഒന്നും മിണ്ടിയില്ല. പിന്നീട് ഷമയെ "തമ്മാദേ" എന്ന് വിളിക്കുന്നത് കേട്ടപ്പോഴാണ് അവരുടെ ഭാഷ കന്നടയും മലയാളവും കൊങ്ങിണിയും ഒക്കെ ചേർന്ന സങ്കരയിനമാണ് എന്ന് മനസ്സിലായത്.

          പതിയെ പതിയെ മാണിക്കം ഞങ്ങടെ വീട്ടിലെ നിത്യ സന്ദർശകയായി. ഉമ്മ കൊടുക്കുന്ന ഭക്ഷണവും ഞങ്ങൾ കുട്ടികളുടെ കളികളുമാണ് അവരെ അങ്ങോട്ടെത്തിച്ചിരുന്നത്. അവരുടെ പൊട്ടിച്ചിരികളും കല്ലുമാലകളും ജഡയിലെ ചെമ്പരത്തിപ്പൂവും ജോടികളല്ലാത്ത ചെരിപ്പും എനിക്ക് മനസ്സിലാവാത്ത ഭാഷയിൽ അവര് പാടിയിരുന്ന പാട്ടുകളും അങ്ങനെ അങ്ങനെ മാണിക്കതിന്റെ ഓരോ ചലനങ്ങളും ഞാൻ കൗതുകത്തോടെ നോക്കിക്കൊണ്ടിരുന്നു. അവരെ കളിയാക്കുന്നവരുടെ പിന്നാലെ വടി കൊണ്ടോടി അവര് വിളിച്ചിരുന്ന ചീത്തകൾ ഒരു നാടൻ പാട്ടു പോലെയാണ് എനിക്ക് തോന്നിയിരുന്നത് . ഇടയ്ക്കിടെ ഞാൻ മാണിക്കമാവുന്നത് സ്വയം സങ്കല്പിച്ചു നോക്കും. കളിക്കുമ്പോൾ ഞാൻ മാണിക്കമായി അഭിനയിച്ചു തകർക്കും. ചുരുങ്ങിയ ഇടവേള കൊണ്ട് മാണിക്കം എന്റെയുള്ളിൽ നിറഞ്ഞാടി തുടങ്ങി.

        ഹൈസ്കൂൾ ഗ്രൗണ്ടിന്റെ നടുവിൽ ഒരു ഒറ്റമുറിയുണ്ടായിരുന്നു.
സിമെൻറ്ചാക്കുകൾ കൂട്ടിതുന്നിയ ഒരു കർട്ടൻ ആയിരുന്നു അതിന്റെ  വാതിൽ. സ്കൂളിൽ സ്പോർട്സ് നടത്തുമ്പോൾ ഉപയോഗിച്ചിരുന്ന കുമ്മായപ്പൊടിയും മറ്റു സാധനങ്ങളും കൂട്ടിയിട്ടിരുന്ന ആ മുറിയുടെ ഒരു മൂലയായിരുന്നു മാണിക്കത്തിന്റെ വീട്. സ്കൂളുകാരും നാട്ടുകാരും ഒന്നും മാണിക്കം അവിടെ താമസിക്കണേനു ഒരെതിർപ്പും പറഞ്ഞിരുന്നില്ല. സ്കൂളിലേക്കുള്ള നടത്തത്തിനിടയിൽ എന്റെ നോട്ടം പലപ്പോഴും ആ ഒറ്റമുറിയിലേക്കു നീളാറുണ്ട്. ഒന്നവിടെ കേറണംന്നു നല്ല മോഹണ്ടായിരുന്നു. അതിന്റെ അടുത്ത് വെള്ളം നിറഞ്ഞു കെടക്കണ ഒരു കല്ല്വെട്ടുകുഴി ഉള്ളതോണ്ട് ആ പരിസരത്തേക്ക് പോകരുതെന്ന് ഉമ്മ പ്രത്യേകം പറയേം ചെയ്തിട്ടുണ്ട്. പോരാത്തേന് ഒരൂസം ഉപ്പാന്റെ കൂടെ നടക്കാനിറങ്ങിയപ്പോ ശില്ലു അതില് വീഴേം ചെയ്തിരുന്നു, ഉപ്പ വേഗം എടുത്തോണ്ട് ഒന്നും പറ്റിയില്ല്യ. എന്നിട്ടും ഒരൂസം ലതയെ പുറത്തു കാവൽ നിർത്തി മാണിക്കം ഇല്ലാത്ത നേരം നോക്കി സുജാതേം ഞാനും അവരുടെ സ്വകാര്യലോകത്തു അതിക്രമിച്ചു കയറി. പലേടത്തുന്നും പെറുക്കി കൊണ്ട് വന്ന എന്തൊക്കെയോ സാധനങ്ങളും ഒരു സ്ററൗവ്വും രണ്ടു മൂന്നു പാത്രങ്ങളും ഒരു കീറപ്പായയും പിന്നെ തുരുമ്പെടുത്ത ഒരു തകരപ്പെട്ടിയുമാണ് അവരുടേതായിട്ടു ആ മുറിയിലുണ്ടായിരുന്നത്. ഇവിടെങ്ങാനാ അവര് കെടന്നുറങ്ങാന്ന് സങ്കടത്തോടെ സുജ ചോദിച്ചപ്പോഴേക്കും ഞാൻ പതുക്കെ ആ തകരപ്പെട്ടി തുറന്നു. പഴേ കുറെ പത്രത്താളുകളും പിഞ്ഞിത്തുടങ്ങിയ കുറച്ചു വസ്ത്രങ്ങളും ക്യൂടെക്സിന്റെ കുപ്പികളും കുഴഞ്ഞു മറിഞ്ഞു കിടന്ന ആ പെട്ടിക്കുള്ളിൽ ദ്രവിച്ചു തുടങ്ങിയ ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോയും ഉണ്ടായിരുന്നു. ഒന്ന്-രണ്ടു വയസ്സ് പ്രായമുള്ള ഒരു ചെറിയ മോന്റെ. പുറത്തു നിന്ന ലത തന്ന സിഗ്നൽ കേട്ട് തട്ടിപ്പിടഞ്ഞു ഞങ്ങൾ രണ്ടാളും പുറത്തേക്കിറങ്ങി, ആരും കണ്ടില്ലെന്ന ഉറപ്പിൽ വേഗത്തിൽ സ്കൂളിലേക്ക് നടന്നു. പതിവില്ലാതെ ഞങ്ങളന്നു നിശ്ശബ്ദരായിരുന്നു. ആരുടെ ഫോട്ടോയായിരിക്കും അതെന്ന ചോദ്യം ഉള്ളിൽ കിടന്നു കളിച്ചു കൊണ്ടേയിരുന്നു. ഇന്റെർവെല്ലിനു മൂത്രമൊഴിക്കാൻ അരളീടെ ചോട്ടിലിരിക്കുമ്പോ സുജ അതെ ചോദ്യം ചോദിച്ചു. മറ്റാരോടും ചോദിക്കാനും പറയാനും ധൈര്യം ഇല്ല്യാത്തോണ്ടു അത് മാണിക്കത്തിന്റെ മോൻ ആയിരിക്കും എന്നും അസുഖം വന്നു മരിച്ചു പോയതായിരിക്കും എന്നും മോൻ മരിച്ചതോണ്ടു മാണിക്കത്തിന് ഭ്രാന്തായതാവും എന്നും നാട് വിട്ടു പോന്നതാവും എന്നും അതോണ്ടാണ് മാണിക്കത്തിന് കുട്ടികളെ ഇത്രേം ഇഷ്ടം എന്നുമൊക്കെയുള്ള നിഗമനത്തിൽ സുജയും ഞാനും എത്തിച്ചേർന്നു. പിന്നീട് മാണിക്കത്തിനെ കാണുമ്പോഴൊക്കെ ഒരു കുറ്റബോധം എന്റെ ഉള്ളിൽ കിടന്നു വിങ്ങി. ഉറങ്ങാൻ കിടക്കുമ്പോഴൊക്കെ മാണിക്കത്തിനു അവരുടെ കുഞ്ഞിനെ തിരികെ കൊടുക്കണേന്ന് പടച്ചോനോട് പ്രാർത്ഥിച്ചു. എന്റെ ഉമ്മാനെ കെട്ടിപ്പിടിക്കണ പോലെ മാണിക്കത്തിനെ കെട്ടിപ്പിടിക്കാൻ ഞാൻ കൊതിച്ചു. എപ്പോഴൊക്കെയോ, ഞാൻ അവരുടെ മോളാണെന്ന് പറഞ്ഞു അവരെ ആശ്വസിപ്പിക്കണമെന്നെനിക്കു തോന്നി. ഒന്നും ണ്ടായില്യ.... അഞ്ചാം ക്ലാസ് പകുതിയായപ്പോഴേക്കും ഉമ്മാക്ക് പുതിയകണ്ടത്തേക്കു ട്രാൻസ്ഫർ ആയി. പോകുന്നേന് തലേന്ന് സുജ എന്റെ കൂടെ താമസിച്ചു. കരഞ്ഞു കൊണ്ട് ഉറങ്ങാതെ കെട്ടിപ്പിടിച്ചു ഞങ്ങൾ നേരം വെളുപ്പിച്ചു. ഒരു നാട് മുഴുവൻ ഏറ്റോം സ്നേഹത്തോടെ ഞങ്ങളെ യാത്രയാക്കി.ജീപ്പ് നീങ്ങിത്തുടങ്ങിയപ്പോഴാണ് "തീച്ചറേ" എന്ന് വിളിച്ചോണ്ട് മാണിക്കം ഓടി വന്നത്. അന്നാദ്യമായിട്ടാണ് അവര് കരയണത് ഞാൻ കണ്ടത്. പിന്നെയുള്ള കാഴ്ചകളൊക്കെ കണ്ണീര് മൂടി അവ്യക്തങ്ങളായിരുന്നു. കരഞ്ഞു കൊണ്ട് ഞങ്ങളെ ചേർത്ത് പിടിച്ച ഉമ്മയുടെ നെഞ്ചിൽ തല ചേർത്ത് ഞാനും കുറെ കരഞ്ഞു.....പ്രിയപ്പെട്ട ആരെയൊക്കെയോ എന്നെന്നേക്കുമായി പിരിഞ്ഞു പോണ പോലെ.....          

   ഇപ്പൊ ഇത് കുറിക്കുമ്പോഴും ആ കണ്ണീര് തിരികെ വരുന്നുണ്ട്. ഇപ്പോഴും ഞാൻ പ്രതീക്ഷിക്കുന്നുണ്ട്, എന്നെങ്കിലും എനിക്കവരെയൊക്കെ ഒന്നൂടി കാണാൻ പറ്റുമെന്ന്..... അപ്പക്കുഞ്ഞിമാഷേം സുബ്രമണ്യൻമാഷേം ഇബ്രാഹീംമാഷേം ബാലകൃഷ്ണൻമാഷേം രാജീവൻമാഷേം  ആനിടീച്ചറേം ആലീസ്ടീച്ചറേം നിമ്മിടീച്ചറേം ബാലാന്റിയേം ഇല്ലക്കയേം ശ്രീധരേട്ടനേം ധനഞ്ജയേട്ടനേം ഷരീഫിച്ചായേം കുഞ്ഞാമിആന്റിയേം ലതികാന്റിയേം ലതയേം ഫ്രിജിലിനേം കുഞ്ഞിസാവിത്രിയേം റാബിയയേം മഞ്ജുളയേം സുജയേം പിന്നെ ഇപ്പഴും ഒരു ചോദ്യചിഹ്നമായി, നോവായി ഉള്ളിൽ കിടക്കുന്ന പ്രിയപ്പെട്ട മാണിക്കത്തേം.......