Monday, April 20, 2020

അഡൂരും സുജയും പിന്നെ എന്റെ മാണിക്കവും


          കുറെ നാളായി വല്യ ഇടവേളകളില്ലാതെ മാണിക്കം ഇങ്ങനെ മനസ്സിലേക്ക് ഓടിക്കേറി  വരാറുണ്ട്. കുട്ടിക്കാലത്തെ കുറെ നിറമുള്ള ഓർമകളിൽ എപ്പഴും നിറഞ്ഞു നിൽക്കുന്ന ഒരു നനുത്ത ഓർമ്മ, സ്നേഹം എന്ന വാക്കു കേൾക്കുമ്പോൾ ഓടിയെത്തുന്ന മുഖങ്ങളിൽ ചിലത്. മാണിക്കത്തിനെ കുറിച്ച് പറയുമ്പോ ആദ്യം അഡൂരിനെ കുറിച്ച് പറയണം. എല്ലാർക്കും അറിയണ 'പത്തനംതിട്ട അടൂർ ' അല്ല ട്ടോ .ഇത് നമ്മടെ കാസർകോട്ടെ അഡൂർ, കേരളത്തിന്റേം കർണാടകേടേം അതിർത്തിഗ്രാമം( ഈ 'intro' പറഞ്ഞു പറഞ്ഞു തഴമ്പിച്ചതാ ട്ടോ . ആരോട്  അഡൂരിനെ കുറിച്ച് പറയുമ്പോഴും ഞാനിങ്ങനെയാ പറഞ്ഞു തുടങ്ങാറ് ). എന്റെ ഓർമ്മേലെ അഡൂര്  ദാ ഈ പറയാൻ പോണ കാര്യങ്ങളൊക്കെയാ........

           കുറ്റിപ്പുറം മുതൽ കാസർകോട് വരെയുള്ള നീണ്ട തീവണ്ടി യാത്ര കഴിഞ്ഞു, ബസ് കയറിയാ പിന്നെ വളവും തിരിവും അതിന്റെടേലു ഉറക്കോം (ഛർദി വരാണ്ടിരിക്കാൻ വേണ്ടിയാ ട്ടോ ഈ കഷ്ടപെട്ടുള്ള ഉറക്കം ) പിന്നെ ഉറക്കത്തിന്റെ ഇടയിൽ നിന്ന് ഞെട്ടിയെണീറ്റ് ഛർദിച്ചു ഉമ്മാന്റെ കയ്യിലുള്ള ഒരു കവറ് നിറച്ചു കഴിയുമ്പോഴേക്കും ബസ് അവസാനത്തെ സ്റ്റോപ്പിലെത്തീട്ടുണ്ടാകും. ഈ അവസാനത്തെ സ്റ്റോപ്പിന് ഒരു പ്രത്യേകത ണ്ട് ട്ടോ.  മഴക്കാലത്ത് അവസാനത്തെ സ്റ്റോപ്പ് പള്ളത്തൂർ ആണ്(ഒരു അഞ്ചാം ക്ലാസ്കാരീടെ ഓർമ്മയാണ് ട്ടോ,  അത് തന്നെയാണ് ആ സ്ഥലത്തിന്റെ പേര് എന്നാണ് എന്റെ ഒരു ഇത് ). അവിടെ ഇറങ്ങി ആടിയുലഞ്ഞു പോണ തോണീല് ഒരു യാത്ര ണ്ട് , അവസാനിക്കല്ലേ എന്ന് ഞാനും പെട്ടെന്ന് ഒന്നക്കരെ എത്തിയിരുന്നെങ്കിൽ എന്ന് ഉമ്മയും പ്രാര്ത്ഥിക്കണ ഒരു യാത്ര. രണ്ടു മക്കളേം ഇരുവശത്തും ചേർത്തിരുത്തി യാത്ര ചെയ്യണ ഉമ്മാക്ക് നെഞ്ചിടിപ്പ് സ്വാഭാവികം . അന്തോം കുന്തോം ഇല്ലാത്ത എനിക്ക് എന്ത് ബേജാറ്! അക്കരെ ഇറങ്യാ പിന്നെ ചെമ്മണ്ണിട്ട റോഡിലൂടെ ജീപ്പില് പൊടി മുഴുവൻ തിന്നോണ്ട് കൊറേ പോയാ നമ്മടെ അഡൂരെത്തി . വേനൽക്കാലത്തു പിന്നെ ഈ സീനൊന്നും ഇല്ല്യ ട്ടോ. ബസ് നേരെ പുഴയിലൂടെ വന്നു അഡൂരെത്തും(അമ്മച്ചിയാണേ , തള്ളല്ല ട്ടോ. ആ സമയത്തു പുഴേല് ഒരു തുള്ളി വെള്ളം ണ്ടാവില്യ). ഇപ്പൊ ആ അവസ്ഥയൊക്കെ  മാറീണ്ടാവും. അന്നത്തെ എന്റെ വിശ്വാസം അഡൂരാണ് ഭൂമിയുടെ അറ്റം ന്നാ. ഉമ്മ ഇപ്പഴും പറയാറുണ്ട് , എത്തിപ്പെടാൻ ള്ള ബുദ്ധിമുട്ടേ ള്ളൂ , എത്തിക്കഴിഞ്ഞാൽ ഇത്രേം നല്ല സ്ഥലം വേറെ ല്ല്യാന്നു . സത്യാണ് ട്ടോ അത്. അവിടത്തെ ആളുകളാണ് ആ സ്ഥലത്തിന്റെ സൗന്ദര്യം. ഇല്ലെങ്കിൽ ഒരു 9 വയസ്സുകാരീടെ ഉള്ളിൽ ണ്ടായിരുന്ന  അവരുടെ രൂപങ്ങൾ ഇന്നും അതേ തെളിച്ചതോടെ നില നിൽക്കില്ലായിരുന്നു. അവരെ തപ്പിക്കൊണ്ട് ഫേസ്‌ബുക്കിൽ അവളിന്നും യാത്ര ചെയ്യില്ലായിരുന്നു, ഇത് പോലെ ചങ്കിൽ തട്ടി കുത്തിക്കുറിക്കില്ലായിരുന്നു.
          ഹൈസ്കൂളിന്റെ തൊട്ടടുത്ത് തന്നെയായിരുന്നു ഞങ്ങൾ താമസിച്ചിരുന്ന, ബഡൂച്ചാന്റെ ക്വാർട്ടേഴ്‌സ്. ക്വാർട്ടേഴ്‌സ് എന്നൊക്കെ ചന്തം ചാർത്തി പറയാം. 6 കുടുംബങ്ങൾ താമസിച്ചിരുന്ന നീളത്തിലുള്ള ക്വാർട്ടേഴ്‌സിന്റെ ഏറ്റവും അറ്റത്തെ ചായ്പ്പായിരുന്നു ഞങ്ങളുടേത്. ചെറിയ ഒരു അരഭിത്തി കൊണ്ട് ആ ഒറ്റമുറിയെ അടുക്കളയെന്നും കിടപ്പുമുറിയെന്നും രണ്ടായി തിരിച്ചിട്ടുമുണ്ട്. ആ മുറിയായിരുന്നു ഷമേം ഞാനും അടികൂടിയും സ്നേഹിച്ചും ചിലപ്പോ വരാറുള്ള വിരുന്നുകാർക്ക് വിട്ടു കൊടുത്തും മണ്ണെണ്ണ വിളക്കിന്റെ ചോട്ടിലിരുന്നു വായിച്ചും ആഴ്ചയിൽ വരാറുള്ള, വർണക്കടലാസിലെ ഉപ്പാന്റെ സ്നേഹാക്ഷരങ്ങളെ വീണ്ടും വീണ്ടും വായിച്ചും അവധിക്കാലത്തെ കാത്തിരുന്നും ആഘോഷമാക്കിയിരുന്ന ഇടം. ജയൻ അങ്കിളിനോട് വഴക്കിടുന്ന ദിവസങ്ങളിൽ ആട്ടുകല്ലിന്റെ അടുത്ത് പലക  ഇട്ടിരുന്ന്‌ "മാണിക്യ വീണയുമായെൻ മനസ്സിന്റെ" എന്ന പാട്ടു വീണ്ടും വീണ്ടും കേട്ട് കരയാറുള്ള, നീണ്ട മുടിയുള്ള ബാലാന്റിയും, പവിനും ശില്ലുവും ഇല്ലക്കേം ചിമ്പാമനും ലതികാന്റിയും ദുന്ദുവാന്റിയും  സാജിദാന്റിയും കുട്ടൂസും അമ്മമ്മേം നിതിനും ഒക്കെ ആയിരുന്നു ഞങ്ങടെ അയൽക്കാർ.

         രണ്ടാം ക്ലാസ്സിലാണ് ഞാനവിടെ ചേരുന്നത്. എൽ.പി. സ്കൂളിന്റെ കെട്ടിടം കുറച്ചു നടന്നു പോവാനുള്ള ദൂരത്തായിരുന്നു. സുജാതേം ലതേം ഫ്രിജിലും ഞാനും കൂടി കഥകളും പറഞ്ഞു നടക്കും. അടിയാന്മാരുടെ കോളനീടെ അത്യേനെ പോണ്ട, റോട്ടിലൂടെ പോയാ മതീന്നൊക്കെ ശട്ടം കെട്ടിയാ സുജേന്റെ ചേച്ചി ഞങ്ങളെ പറഞ്ഞയക്യ. പക്ഷെ ഞങ്ങൾക്കിഷ്ടം കോളനീൻറെ അതിലെ പോണതായിരുന്നു. മണ്ണോണ്ട് ണ്ടാക്കിയ, പുല്ലു മേഞ്ഞ കുഞ്ഞി വീടുകളും, ചാണകം മെഴുകിയ മുറ്റങ്ങളും, കോഴികളും ആടുകളും പന്നികളും അടക്കി വാഴുന്ന പൊടിമണ്ണ് നിറഞ്ഞ ചെറിയ വഴികളും നിഷ്കളങ്കമായ ചിരി സമ്മാനിക്കുന്ന പേരറിയാത്ത കുറെ മുഖങ്ങളും ഞങ്ങളെ ആ വഴി പോകാൻ പ്രേരിപ്പിച്ചു കൊണ്ടേയിരുന്നു. അത് മാത്രല്ല, അതിത്തിരി വളഞ്ഞ വഴീം കൂടിയാണ്, അപ്പൊ പിന്നെ കുറെ നേരം കൂടി വർത്താനം പറഞ്ഞു നടക്കാല്ലോ! ആ പ്രായത്തിലന്നെ എന്തോരം കഥകളാ ഞങ്ങക്ക് പറയാൻ ണ്ടായിരുന്നത്! ഓല മേഞ്ഞ, മഴ പെയ്താൽ ചോരുന്ന, നിലത്തു ചാക്ക് വിരിച്ചിരിക്കുന്ന, സുജേം, ലതേം,വാസന്തീം, കുഞ്ഞിസാവിത്രീ൦   വല്യസാവിത്രീ  മഞ്ജുളേ൦ റാബിയേ൦ പിന്നെ ഞങ്ങടെ പ്രിയപ്പെട്ട ഗോവിന്ദൻ മാഷും ഒക്കെ ള്ള ന്റെ രണ്ടാം ക്ലാസ്സിനെ കുറിച്ചോർക്കുമ്പോൾ ഞാൻ ഇപ്പഴും വല്ലാണ്ട് ദുർബലയാവാറുണ്ട്. അന്നൊക്കെ സുജേം ഞാനുമൊക്കെ ആഗ്രഹിച്ചിരുന്നത് എന്താന്നറിയോ? ഞങ്ങടെ ഗോവിന്ദൻ മാഷിന്റെ 'സ്വന്തം' കുട്ടി ആവാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന്.കഴിഞ്ഞതൊന്നും തിരിച്ചു വരില്ലാന്നു അറിയുമ്പോഴും, തിരിച്ചാ കാലത്തിലേക്കെത്താൻ എന്റെ ഉള്ളിലെ വാശിക്കാരി കുട്ടി ഇപ്പോഴും ചിണുങ്ങാറുണ്ട്. 
         എന്റെ ഓർമ്മേല് ആദ്യായിട്ട് ഞെട്ടലോടെ കേട്ട മരണവാർത്ത അവ്ട്ന്നായിരുന്നു, ഞങ്ങടെ കുഞ്ഞിസാവിത്രീന്റെ അമ്മേടെ മരണം. അത് വരെ എന്റെ വിശ്വാസം നമ്മടെ അമ്മമാരൊന്നും മരിച്ചു പോവില്ല എന്നായിരുന്നു. പിന്നെ വയസ്സായി തലമുടി ഒക്കെ നരച്ചു, പല്ലൊക്കെ കൊഴിഞ്ഞാൽ വേറെ ആരൊക്കെയോ മരിക്കും ന്നു കേട്ടിട്ടുണ്ട്, ന്നാലും നമ്മടെ ആരും മരിക്കില്ല എന്നൊരു വിശ്വാസം എങ്ങനെയോ വന്നിരുന്നു. ഇത്രേം വയസ്സായ ആളാണോ കുഞ്ഞി സാവിത്രീന്റെ അമ്മ, അവൾക്കാരാ ഇനി മുടി കെട്ടി കൊടുക്കാ, എന്നൊക്കെ ള്ള സംശയങ്ങൾ ആയിരുന്നു  മനസ്സ് മുഴുവൻ....സ്കൂളിൽ ചേർന്നേനു ശേഷം ആദ്യായി,എനിക്ക് വീട്ടിലെത്താൻ തിടുക്കായി ...ഉമ്മാനെ കാണാനും കെട്ടിപ്പിടിക്കാനും ഉമ്മ വെക്കാനും വെമ്പി ഞാനന്നെങ്ങനെയോ 4 മണിയാക്കി. അന്ന് രാത്രി ഏറെ സ്നേഹത്തോടെ ഞാനെന്റെ ഉമ്മയെ കെട്ടിപ്പിടിച്ചു. എന്റെ ഉമ്മ മരിച്ചു പോകല്ലേന്നു ഏറ്റവും ആത്മാർത്ഥമായി പടച്ചോനോട് കണ്ണീരോടെ പ്രാർത്ഥിച്ചു. ഒരാഴ്ച കഴിഞ്ഞിട്ടാണ് പിന്നെ കുഞ്ഞിസാവിത്രി ക്ലാസ്സിൽ വന്നത്,കരഞ്ഞു കലങ്ങിയ കണ്ണുകളോടെ. ആശ്വസിപ്പിക്കാൻ വേണ്ടി അവളുടെ ചുറ്റും കൂടിയ ഞങ്ങൾ അന്നെന്താണ് അവളോട് പറഞ്ഞതെന്ന് ഓർമ്മയില്ല, അവളുടെ കരച്ചിലിന് ആക്കം കൂടിയതെ ഉള്ളു. ഗോവിന്ദൻ മാഷാണ് പിന്നെ അവളുടെ കരച്ചില് മാറ്റിയത്. ശരിക്കും കെട്ടിപ്പിടിച്ചു നെറ്റിയിൽ ഒരുമ്മ കൊടുത്തിരുന്നേൽ അവളുടെ കരച്ചിൽ മാറിയേനെ എന്ന് മുതിർന്നപ്പോ പലപ്പോഴും തോന്നിയിട്ടുണ്ട്. പിന്നീട് പലപ്പോഴും മനസ്സ് കൊണ്ടവളെ കെട്ടിപ്പിടിച്ചു നെറ്റിയിൽ ഒരുപാട് ഉമ്മ വെച്ചിട്ടുമുണ്ട്. പിന്നെ പതുക്കെ അവളും കരച്ചിലൊക്കെ മാറി ചിരിക്കാൻ തുടങ്ങി. ഇന്റർവെല്ലിനു മരത്തിന്റെ ചോട്ടിലിരുന്നു മൂത്രമൊഴിക്കലും, ന്റെ ഷഡ്‌ഡീടെ നിറമെന്തെന്നു ചോദിച്ചു കളിക്കലും ആകാശം ഭൂമി കളിക്കലും ഒക്കെയായി അവളുടെ ചിരി തിരികെ വന്നപ്പോ, എന്തിനെന്നറിയാതെ എനിക്ക് കരച്ചില് വന്നു. 

         അല്ലാ, ഇത് വരെ നമ്മൾ മാണിക്കത്തിലേക്കു എത്തിയില്ല ല്ലേ....! സ്കൂളിലേക്കുള്ള നടത്തത്തിനിടയിൽ 'അയ്യോ, മാണിക്കം വരുന്നേ ..ഓടിക്കോ' എന്നാരോ വിളിച്ചു പറഞ്ഞത് കേട്ട്, എല്ലാരും ഓടുന്ന കൂട്ടത്തിൽ ഞാനും വാണം വിട്ട പോലെ ഓടിയതാണ് ആദ്യത്തെ മാണിക്കം എപ്പിസോഡ്. നീട്ടിയ വടിയുമായി ഓടി വരുന്ന ഒരു രൂപം ഓടുന്നതിനിടയിൽ കണ്ടിരുന്നു. ക്ലാസിലെത്തി കിതപ്പാറിയപ്പോ ഞാൻ സുജയോട് ചോദിച്ചു എന്തിനാ ഓടിയേന്നു. അവള് പറഞ്ഞ കുറെ കഥകളിൽ നിന്ന് കുട്ട്യോളെ പിടിക്കാൻ നടക്കുന്ന ഒരു രാക്ഷസിയുടെ രൂപമാണ് എന്റെ ഉള്ളിൽ തെളിഞ്ഞത്, ആ രൂപത്തിന് ബാലരമേലെ ഡാകിനിയുടെ ഛായ ഉണ്ടായിരുന്നു. അങ്ങനെ ആടിപ്പാടി നടന്നിരുന്ന ഞങ്ങളുടെ സ്കൂൾ യാത്രയുടെ ഒരു flow അങ്ങട് പോയിക്കിട്ടി. ഏതു നിമിഷവും മാണിക്കം  വരും എന്നുള്ള ചിന്ത ഞങ്ങളുടെ കഥ പറച്ചിലിന്റെ സുഖം ഇടയ്ക്കിടെ കളഞ്ഞു കൊണ്ടിരുന്നു. 

           അങ്ങനെയിരിക്കെ ഒരൂസം ക്വാർട്ടേഴ്സിന്റെ  മുറ്റത്തൂന്നു ഒളിച്ചുകളി കളിക്ക്യാരുന്നു ഞങ്ങള്. ഞാനായിരുന്നു അപ്പൊ കള്ളൻ, ഷമേം പവിനും ശില്ലുവും കുട്ടൂസും ഒക്കെ ണ്ടായിരുന്നു കളിയ്ക്കാൻ. നൂറു വരെ എണ്ണി തിരിഞ്ഞു നോക്കിയ ഞാൻ കണ്ടത് തൊട്ടു പിന്നിൽ ചിരിച്ചോണ്ട് നിക്കണ മാണിക്കത്തെ. അന്നത്തെ എന്റെ അവസ്ഥ എങ്ങനെ അവതരിപ്പിക്കണം എന്നെനിക്കറിയില്ല. ചുറ്റിനും ഇരുട്ട്, ആകെ കേൾക്കാവുന്ന ശബ്ദം എന്റെ തന്നെ നെഞ്ചിടിപ്പിന്റേതാണ്, അതാണെങ്കിലോ പെരുമ്പറ പോലെ.....കാലു രണ്ടും കെട്ടിയിട്ട പോലെ, തൊണ്ട ഉണങ്ങി വരണ്ടു ... ഞാൻ തീർന്നു എന്ന് തീർച്ചപ്പെടുത്തി .... കണ്ണ് രണ്ടും കുത്തിപ്പൊട്ടിച്ചു ഭിക്ഷക്കു വിടുന്ന കുട്ടികളെയാണ് അപ്പൊ ഓർമ്മ വന്നത്.  "അല്ലാ,  ഇതാര് മാണിക്കോ?" എന്ന് ചോദിച്ചു ഉമ്മ ആ നേരം പുറത്തു വന്നില്ലായിരുന്നേൽ, സൂർത്തുക്കളെ സത്യായിട്ടും ഞാൻ അവിടെ ഒന്നും രണ്ടും ഒക്കെ നല്ല വെടിപ്പായിട്ടു ചെയ്തേനെ.എന്റെ നെഞ്ചിടിപ്പിന്റെ താളം മനസ്സിലായിട്ടാവും, "പേടിക്കണ്ട ട്ടോ, ഇത് നമ്മടെ മാണിക്കാണ്" എന്ന് പറഞ്ഞു ഉമ്മയെന്നെ ചേർത്ത് നിർത്തി.
"തീച്ചറേ" എന്ന് വിളിച്ചു പൊട്ടിച്ചിരിച്ച മാണിക്കത്തെ അപ്പോഴാണ് ഞാൻ ശരിക്കും കാണുന്നത്. കഴുത്തിൽ നിറയെ നിറം മങ്ങിയ കല്ലുമാലകളും രണ്ടു കൈ നിറയെ പല നിറത്തിലും(നിറം മങ്ങിയ) വലിപ്പത്തിലുമുള്ള കുപ്പിവളകളും കാലിൽ നിറയെ മുത്തുകളുള്ള കിലുങ്ങുന്ന പാദസരങ്ങളും  രണ്ടു തരത്തിലുള്ള ചെരിപ്പും നീണ്ട ചെളി പിടിച്ച നഖങ്ങളും വാരി വലിച്ചു ചുറ്റിയ സാരീം ലൂസായ ബ്ലൗസും ജട പിടിച്ച മുടിയും(അതിനെ മുടി എന്ന്  വിളിക്കുമോന്നറിയില്ല, അഘോരി സന്യാസിമാർക്കാണ് ഞാൻ അങ്ങനത്തെ മുടി കണ്ടിട്ടുള്ളത്) കയ്യിലൊരു നീണ്ട വടിയും കറ പിടിച്ച പല്ലുകളും നെറ്റിയിലെ കറുത്ത വട്ടപ്പൊട്ടും നീട്ടിയെഴുതിയ കണ്ണുകളും ഇടയ്ക്കിടെ കയ്യിലെ കുപ്പിവളകൾ കിലുക്കി അതിലേക്കു നോക്കിയൊരു ചിരിയും ....ഇതൊക്കെ ആയിരുന്നു മാണിക്കതിന്റെ മൊത്തത്തിലുള്ള ഒരു രൂപം. 
"ഇത് തീച്ചറെ മോളുക്കുട്ടിയാ?" എന്ന് ചോദിച്ചു ആ പരുപരുത്ത വിരലുകൾ എന്റെ കവിളിൽ തലോടി. പേരെന്താന്നുള്ള ചോദ്യത്തിന് ഒന്നും മിണ്ടാതെ നിന്ന എന്നോട് "പേര് പറഞ്ഞു കൊടുക്ക് മോളെ " എന്നുമ്മ പറഞ്ഞു. വിറയ്ക്കുന്ന ശബ്ദത്തിൽ "ഷബീല" എന്ന് പറഞ്ഞപ്പോൾ പൊട്ടിച്ചിരിച്ചു കൊണ്ട് "ആ....തബില...തബില...നല്ല പേര്" എന്ന് പറഞ്ഞു. എന്റെ നല്ല പേരിനെ അങ്ങനെ പറഞ്ഞത് എനിക്കൊരു കുറച്ചിലായി തോന്നിയെങ്കിലും അഭിമാനത്തേക്കാൾ മുമ്പിൽ പേടി നിന്നിരുന്നത് കൊണ്ട് ഞാൻ ഒന്നും മിണ്ടിയില്ല. പിന്നീട് ഷമയെ "തമ്മാദേ" എന്ന് വിളിക്കുന്നത് കേട്ടപ്പോഴാണ് അവരുടെ ഭാഷ കന്നടയും മലയാളവും കൊങ്ങിണിയും ഒക്കെ ചേർന്ന സങ്കരയിനമാണ് എന്ന് മനസ്സിലായത്.

          പതിയെ പതിയെ മാണിക്കം ഞങ്ങടെ വീട്ടിലെ നിത്യ സന്ദർശകയായി. ഉമ്മ കൊടുക്കുന്ന ഭക്ഷണവും ഞങ്ങൾ കുട്ടികളുടെ കളികളുമാണ് അവരെ അങ്ങോട്ടെത്തിച്ചിരുന്നത്. അവരുടെ പൊട്ടിച്ചിരികളും കല്ലുമാലകളും ജഡയിലെ ചെമ്പരത്തിപ്പൂവും ജോടികളല്ലാത്ത ചെരിപ്പും എനിക്ക് മനസ്സിലാവാത്ത ഭാഷയിൽ അവര് പാടിയിരുന്ന പാട്ടുകളും അങ്ങനെ അങ്ങനെ മാണിക്കതിന്റെ ഓരോ ചലനങ്ങളും ഞാൻ കൗതുകത്തോടെ നോക്കിക്കൊണ്ടിരുന്നു. അവരെ കളിയാക്കുന്നവരുടെ പിന്നാലെ വടി കൊണ്ടോടി അവര് വിളിച്ചിരുന്ന ചീത്തകൾ ഒരു നാടൻ പാട്ടു പോലെയാണ് എനിക്ക് തോന്നിയിരുന്നത് . ഇടയ്ക്കിടെ ഞാൻ മാണിക്കമാവുന്നത് സ്വയം സങ്കല്പിച്ചു നോക്കും. കളിക്കുമ്പോൾ ഞാൻ മാണിക്കമായി അഭിനയിച്ചു തകർക്കും. ചുരുങ്ങിയ ഇടവേള കൊണ്ട് മാണിക്കം എന്റെയുള്ളിൽ നിറഞ്ഞാടി തുടങ്ങി.

        ഹൈസ്കൂൾ ഗ്രൗണ്ടിന്റെ നടുവിൽ ഒരു ഒറ്റമുറിയുണ്ടായിരുന്നു.
സിമെൻറ്ചാക്കുകൾ കൂട്ടിതുന്നിയ ഒരു കർട്ടൻ ആയിരുന്നു അതിന്റെ  വാതിൽ. സ്കൂളിൽ സ്പോർട്സ് നടത്തുമ്പോൾ ഉപയോഗിച്ചിരുന്ന കുമ്മായപ്പൊടിയും മറ്റു സാധനങ്ങളും കൂട്ടിയിട്ടിരുന്ന ആ മുറിയുടെ ഒരു മൂലയായിരുന്നു മാണിക്കത്തിന്റെ വീട്. സ്കൂളുകാരും നാട്ടുകാരും ഒന്നും മാണിക്കം അവിടെ താമസിക്കണേനു ഒരെതിർപ്പും പറഞ്ഞിരുന്നില്ല. സ്കൂളിലേക്കുള്ള നടത്തത്തിനിടയിൽ എന്റെ നോട്ടം പലപ്പോഴും ആ ഒറ്റമുറിയിലേക്കു നീളാറുണ്ട്. ഒന്നവിടെ കേറണംന്നു നല്ല മോഹണ്ടായിരുന്നു. അതിന്റെ അടുത്ത് വെള്ളം നിറഞ്ഞു കെടക്കണ ഒരു കല്ല്വെട്ടുകുഴി ഉള്ളതോണ്ട് ആ പരിസരത്തേക്ക് പോകരുതെന്ന് ഉമ്മ പ്രത്യേകം പറയേം ചെയ്തിട്ടുണ്ട്. പോരാത്തേന് ഒരൂസം ഉപ്പാന്റെ കൂടെ നടക്കാനിറങ്ങിയപ്പോ ശില്ലു അതില് വീഴേം ചെയ്തിരുന്നു, ഉപ്പ വേഗം എടുത്തോണ്ട് ഒന്നും പറ്റിയില്ല്യ. എന്നിട്ടും ഒരൂസം ലതയെ പുറത്തു കാവൽ നിർത്തി മാണിക്കം ഇല്ലാത്ത നേരം നോക്കി സുജാതേം ഞാനും അവരുടെ സ്വകാര്യലോകത്തു അതിക്രമിച്ചു കയറി. പലേടത്തുന്നും പെറുക്കി കൊണ്ട് വന്ന എന്തൊക്കെയോ സാധനങ്ങളും ഒരു സ്ററൗവ്വും രണ്ടു മൂന്നു പാത്രങ്ങളും ഒരു കീറപ്പായയും പിന്നെ തുരുമ്പെടുത്ത ഒരു തകരപ്പെട്ടിയുമാണ് അവരുടേതായിട്ടു ആ മുറിയിലുണ്ടായിരുന്നത്. ഇവിടെങ്ങാനാ അവര് കെടന്നുറങ്ങാന്ന് സങ്കടത്തോടെ സുജ ചോദിച്ചപ്പോഴേക്കും ഞാൻ പതുക്കെ ആ തകരപ്പെട്ടി തുറന്നു. പഴേ കുറെ പത്രത്താളുകളും പിഞ്ഞിത്തുടങ്ങിയ കുറച്ചു വസ്ത്രങ്ങളും ക്യൂടെക്സിന്റെ കുപ്പികളും കുഴഞ്ഞു മറിഞ്ഞു കിടന്ന ആ പെട്ടിക്കുള്ളിൽ ദ്രവിച്ചു തുടങ്ങിയ ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോയും ഉണ്ടായിരുന്നു. ഒന്ന്-രണ്ടു വയസ്സ് പ്രായമുള്ള ഒരു ചെറിയ മോന്റെ. പുറത്തു നിന്ന ലത തന്ന സിഗ്നൽ കേട്ട് തട്ടിപ്പിടഞ്ഞു ഞങ്ങൾ രണ്ടാളും പുറത്തേക്കിറങ്ങി, ആരും കണ്ടില്ലെന്ന ഉറപ്പിൽ വേഗത്തിൽ സ്കൂളിലേക്ക് നടന്നു. പതിവില്ലാതെ ഞങ്ങളന്നു നിശ്ശബ്ദരായിരുന്നു. ആരുടെ ഫോട്ടോയായിരിക്കും അതെന്ന ചോദ്യം ഉള്ളിൽ കിടന്നു കളിച്ചു കൊണ്ടേയിരുന്നു. ഇന്റെർവെല്ലിനു മൂത്രമൊഴിക്കാൻ അരളീടെ ചോട്ടിലിരിക്കുമ്പോ സുജ അതെ ചോദ്യം ചോദിച്ചു. മറ്റാരോടും ചോദിക്കാനും പറയാനും ധൈര്യം ഇല്ല്യാത്തോണ്ടു അത് മാണിക്കത്തിന്റെ മോൻ ആയിരിക്കും എന്നും അസുഖം വന്നു മരിച്ചു പോയതായിരിക്കും എന്നും മോൻ മരിച്ചതോണ്ടു മാണിക്കത്തിന് ഭ്രാന്തായതാവും എന്നും നാട് വിട്ടു പോന്നതാവും എന്നും അതോണ്ടാണ് മാണിക്കത്തിന് കുട്ടികളെ ഇത്രേം ഇഷ്ടം എന്നുമൊക്കെയുള്ള നിഗമനത്തിൽ സുജയും ഞാനും എത്തിച്ചേർന്നു. പിന്നീട് മാണിക്കത്തിനെ കാണുമ്പോഴൊക്കെ ഒരു കുറ്റബോധം എന്റെ ഉള്ളിൽ കിടന്നു വിങ്ങി. ഉറങ്ങാൻ കിടക്കുമ്പോഴൊക്കെ മാണിക്കത്തിനു അവരുടെ കുഞ്ഞിനെ തിരികെ കൊടുക്കണേന്ന് പടച്ചോനോട് പ്രാർത്ഥിച്ചു. എന്റെ ഉമ്മാനെ കെട്ടിപ്പിടിക്കണ പോലെ മാണിക്കത്തിനെ കെട്ടിപ്പിടിക്കാൻ ഞാൻ കൊതിച്ചു. എപ്പോഴൊക്കെയോ, ഞാൻ അവരുടെ മോളാണെന്ന് പറഞ്ഞു അവരെ ആശ്വസിപ്പിക്കണമെന്നെനിക്കു തോന്നി. ഒന്നും ണ്ടായില്യ.... അഞ്ചാം ക്ലാസ് പകുതിയായപ്പോഴേക്കും ഉമ്മാക്ക് പുതിയകണ്ടത്തേക്കു ട്രാൻസ്ഫർ ആയി. പോകുന്നേന് തലേന്ന് സുജ എന്റെ കൂടെ താമസിച്ചു. കരഞ്ഞു കൊണ്ട് ഉറങ്ങാതെ കെട്ടിപ്പിടിച്ചു ഞങ്ങൾ നേരം വെളുപ്പിച്ചു. ഒരു നാട് മുഴുവൻ ഏറ്റോം സ്നേഹത്തോടെ ഞങ്ങളെ യാത്രയാക്കി.ജീപ്പ് നീങ്ങിത്തുടങ്ങിയപ്പോഴാണ് "തീച്ചറേ" എന്ന് വിളിച്ചോണ്ട് മാണിക്കം ഓടി വന്നത്. അന്നാദ്യമായിട്ടാണ് അവര് കരയണത് ഞാൻ കണ്ടത്. പിന്നെയുള്ള കാഴ്ചകളൊക്കെ കണ്ണീര് മൂടി അവ്യക്തങ്ങളായിരുന്നു. കരഞ്ഞു കൊണ്ട് ഞങ്ങളെ ചേർത്ത് പിടിച്ച ഉമ്മയുടെ നെഞ്ചിൽ തല ചേർത്ത് ഞാനും കുറെ കരഞ്ഞു.....പ്രിയപ്പെട്ട ആരെയൊക്കെയോ എന്നെന്നേക്കുമായി പിരിഞ്ഞു പോണ പോലെ.....          

   ഇപ്പൊ ഇത് കുറിക്കുമ്പോഴും ആ കണ്ണീര് തിരികെ വരുന്നുണ്ട്. ഇപ്പോഴും ഞാൻ പ്രതീക്ഷിക്കുന്നുണ്ട്, എന്നെങ്കിലും എനിക്കവരെയൊക്കെ ഒന്നൂടി കാണാൻ പറ്റുമെന്ന്..... അപ്പക്കുഞ്ഞിമാഷേം സുബ്രമണ്യൻമാഷേം ഇബ്രാഹീംമാഷേം ബാലകൃഷ്ണൻമാഷേം രാജീവൻമാഷേം  ആനിടീച്ചറേം ആലീസ്ടീച്ചറേം നിമ്മിടീച്ചറേം ബാലാന്റിയേം ഇല്ലക്കയേം ശ്രീധരേട്ടനേം ധനഞ്ജയേട്ടനേം ഷരീഫിച്ചായേം കുഞ്ഞാമിആന്റിയേം ലതികാന്റിയേം ലതയേം ഫ്രിജിലിനേം കുഞ്ഞിസാവിത്രിയേം റാബിയയേം മഞ്ജുളയേം സുജയേം പിന്നെ ഇപ്പഴും ഒരു ചോദ്യചിഹ്നമായി, നോവായി ഉള്ളിൽ കിടക്കുന്ന പ്രിയപ്പെട്ട മാണിക്കത്തേം.......



 











7 comments: